Iranians react after a ceasefire announcement at the Enqelab square, in Tehran, on April 8 2026. The United States and Iran agreed to a two-week ceasefire Tuesday barely an hour before US President Donald Trump's deadline to obliterate the rival country was set to expire, with Tehran to temporarily reopen the vital Strait of Hormuz. (Photo by AFP) /
പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ച് ഇറാന്‍. ഇറാന്‍ ജനതയുടെ പോരാട്ടവീര്യമാണ് അമേരിക്കന്‍–സയണിസ്റ്റ് ശത്രുവിനെ തുരത്തിയതെന്ന് ഇറാന്‍റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്‍ മുന്നോട്ട് വച്ച പത്തിന പദ്ധതി അംഗീകരിച്ചാണ് നിലവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
'ഇറാനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ കവര്‍ന്ന ശത്രുക്കള്‍ ഒരുമാസമായി വെടിനിര്‍ത്തലിനായി കെഞ്ചുകയായിരുന്നു. ഈ വിജയം ജനങ്ങളുടേതാണെന്നും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഒരു അന്ത്യശാസനവും ഒരു ഘട്ടത്തിലും ഇറാന്‍ വകവച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഇറാനിലെ ജനങ്ങള്‍ക്ക് സദ്വാര്ത്തയുണ്ടെന്നും യുദ്ധത്തിലെ ഇറാന്‍റെ എല്ലാ ലക്ഷ്യങ്ങളും സാധിച്ചുവെന്നും നിങ്ങളും നിങ്ങളുടെ ധീരന്‍മാരായ മക്കളുമാണ് ചരിത്രമെഴുതിയതും എന്നേക്കുമായുള്ള തോല്‍വിലേക്ക് ശത്രുവിനെ തള്ളിയിട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇറാന്‍ മുന്നോട്ട് വച്ച പത്തിന പദ്ധതിയിലെ സുപ്രധാന വ്യവസ്ഥകള്‍ യുഎസ് അംഗീകരിച്ചു. ഇതനുസരിച്ച് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ സൈന്യത്തിന്‍റെ കൂടി നിയന്ത്രണത്തിലാകും, ഇറാനില്‍ മാത്രമല്ല, ലെബനന്‍ ഉള്‍പ്പടെ എല്ലാ മേഖലയിലും യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, എല്ലാ പ്രാദേശിക വ്യോമത്താവളങ്ങളില്‍ നിന്നും യുഎസ് പിന്‍മാറണം, ഇറാന്‍റെ അധികാരത്തിന് കീഴില്‍ ഹോര്‍മുസില്‍ സുരക്ഷിത പാതയൊരുക്കും എന്നിവയാണവ. പത്ത് നിര്‍ദേശങ്ങള്‍ ഇങ്ങനെ:
ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ നിര്‍ദേശപ്രകാരം പാക്കിസ്ഥാന്‍റെ മധ്യസ്ഥത അംഗീകരിക്കുകയും വിവരങ്ങള്‍ ഇറാന്‍ കൈമാറുകയുമായിരുന്നു. നിലവിലെ വെടിനിര്‍ത്തല്‍ കൊണ്ട് യുദ്ധം പൂര്‍ണമായി അവസാനിച്ചുവെന്ന് കരുതുന്നില്ലെന്നും മുന്നോട്ട് വച്ച 10 പദ്ധതികളും പൂര്‍ണമായും അംഗീകരിച്ചാല്‍ മാത്രമേ സമ്പൂര്‍ണമായി യുദ്ധം അവസാനിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം നടത്തൂവെന്നും ഇറാന്‍ വ്യക്തമാക്കി.
യുദ്ധത്തില്‍ അമേരിക്ക നിലംപരിശായെന്നും അധാര്‍മികവും നിയമവിരുദ്ധവും കുറ്റകരവുമായ യുദ്ധമാണ് ഇറാനിലെ ജനങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയതെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ പറയുന്നു. നിലവിലെ കരാര്‍ അനുസരിച്ച് ഇറാന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള ഉപരോധവും, ഇറാന്റെ സഖ്യകക്ഷികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധവും പിന്‍വലിക്കും. ഇറാന്‍റെ ആണവ സമ്പുഷ്ടീകരണം യുഎസ് അംഗീകരിക്കുകയും ഹോര്‍മുസിലെ ആധിപത്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ വിശദമാക്കി.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാന് മേല്‍ വ്യോമാക്രമണം നടത്തിയാണ് യുദ്ധത്തിന് തുടക്കമിട്ടത്. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുല അലി ഖമനയിയെയും സൈന്യത്തിലെയും ഭരണത്തിലെയും ഉന്നതര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പിന്നാലെ ഇറാനിലെ സ്കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 84ലേറെ പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. മറുപടിയായി ഇറാന്‍ ഇസ്രയേലിലും പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങളിലും കനത്ത ആക്രമണം നടത്തുകയായിരുന്നു. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ഗതാഗതവും പൂര്‍ണതോതില്‍ തടയുകയും ചെയ്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഒരുമാസത്തിലേറെ നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനാണ് താല്‍കാലിക ശമനം വരുന്നത്.