ഇറാന്‍–യുഎസ് യുദ്ധത്തിന് താല്‍കാലിക വിരാമമിട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് എംബസിയുടെ മുന്നറിയിപ്പ്. 'ഇറാനില്‍ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എത്രയും വേഗം ഇറാന്‍ വിടണം. എംബസിയുമായി ബന്ധപ്പെടണം, എംബസി നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളും ഉപയോഗിക്കണം' എന്നാണ് നിര്‍ദേശത്തിലുള്ളത്. 'എംബസിയുടെ അനുമതിയില്ലാതെ ഒരു രാജ്യാന്തര അതിര്‍ത്തികളിലൂടെയും മറ്റു രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ല' എന്നും നിര്‍ദേശത്തില്‍ കര്‍ശനമായി പറയുന്നു.
ഇന്നലെ ഇറാനില്‍ കനത്ത ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലും ഇന്ത്യന്‍ എംബസി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 48 മണിക്കൂര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും ആക്രമണം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നുമായിരുന്നു നിര്‍ദേശം.
രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതായി യുഎസും ഇറാനും വ്യക്തമാക്കിയിരുന്നു. കരാര്‍ ഇസ്രയേല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസും അറിയിച്ചു. കരാര്‍ പ്രകാരം ഹോര്‍മുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറക്കാമെന്ന് ഇറാന്‍ അംഗീകരിച്ചു.
പാക് പ്രാധനമന്ത്രിയുടെയും ഫീല്‍ഡ് മാര്‍ഷലിന്‍റെയും നിരന്തരശ്രമങ്ങള്‍ക്കൊടുവിലാണ് കരാറിന് വഴി തുറന്നത്. യുഎസ്–ഇറാന്‍ ചര്‍ച്ച ഇസ്ലാമാബാദില് വെള്ളിയാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചര്‍ച്ചയില്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാനുള്ള കരാറിലെത്തിച്ചേരാമെന്ന് പ്രതീക്ഷിക്കുന്നതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഇസ്രയേല്‍ ഇപ്പോഴും ആക്രമണം തുടരുന്നുവെന്ന് ഇറാന്‍ സൈന്യം അറിയിച്ചു.