ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി യുഎസ്- ഇസ്രയേൽ ആക്രമണങ്ങളിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഖോമിൽ ചികിത്സയിലാണെന്നും അബോധാവസ്ഥയിലാണെന്നുമാണ് പുറത്തുവിട്ട നയതന്ത്ര സന്ദേശങ്ങളെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്‍– ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുജ്തബ ഖമനയി എവിടെ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നത്. അതേസമയം വാദങ്ങളില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടല്ല. ടെഹ്‌റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് ഷിയ ഇസ്‌ലാം പവിത്രമായി കണക്കാക്കുന്ന ഖോം സ്ഥിതി ചെയ്യുന്നത്.
മുജ്തബ ഖമനയി ഗുരുതരാവസ്ഥയില്‍ ഖോമിൽ ചികിത്സയിലാണ്. ഭരണകൂടത്തിന്റെ ഒരു തീരുമാനത്തിലും നടപടിക്രമങ്ങളിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് അമേരിക്കൻ, ഇസ്രയേലി ഇന്റലിജൻസ് വൃത്തങ്ങള്‍ ഗൾഫ് സഖ്യകക്ഷികള്‍ക്ക് നല്‍കിയെന്ന് കരുതപ്പെടുന്ന നയതന്ത്ര സന്ദേശത്തിലുള്ളത്. മാത്രമല്ല മുജ്തബ ഖമനയിയുടെ പിതാവും ഇറാന്‍റെ മുന്‍ പരമോന്നത നേതാവുമായ ആയത്തുല്ല ഖമനയിയുടെ മൃതദേഹം ഖോമില്‍ സംസ്‌കരിക്കാൻ ഒരുക്കം നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഖോമിൽ ഒരു വലിയ ശവകുടീരം പണിയാൻ ആവശ്യമായ ഒരുക്കങ്ങൾ നടക്കുന്നതായി യുഎസ്, ഇസ്രയേലി ഏജൻസികൾക്ക് രഹസ്യ വിവരം ലഭിച്ചതായും റിപ്പോർട്ടുണ്ട്, മറ്റ് കുടുംബാംഗങ്ങളെയും ആയത്തുല്ല ഖമനയിയുടെ കൂടെ സംസ്കരിക്കാനാണ് സാധ്യത.
ഫെബ്രുവരി 28 നാണ് ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണങ്ങളിൽ മുജ്തബ ഖമനയിയുടെ പിതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെടുന്നത്. ആക്രമണത്തില്‍ പിതാവിനെ കൂടാതെ മാതാവിനെയും ഭാര്യയെയും മകനെയും മുജ്തബ ഖമനയിക്ക് നഷ്ടപ്പെട്ടിരുന്നു. അതേ വ്യോമാക്രമണത്തില്‍ തന്നെയാണ് മുജ്തബയ്ക്കും പരുക്കേല്‍ക്കുന്നത്. പിന്നാലെ മാർച്ച് ആദ്യം പിതാവിന്റെ പിൻഗാമിയായി അദ്ദേഹം ഇറാന്‍ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എന്നാല്‍ യുദ്ധം ആരംഭിച്ചതിനുശേഷം മുജ്തബ ഖമനയിയെ പൊതുമധ്യത്തിൽ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. ഇറാന്‍ പരമോന്നത നേതാവായതിന് ശേഷം മുജ്തബ പുറപ്പെടുവിച്ചു എന്ന് പറയുന്ന നിരവധി പ്രസ്താവനകൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്‍ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശബ്ദമോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. ഇത് മുജ്തബ ഖമനയി ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടുന്നതാണ്.
മുജ്തബ ഖമനയിയാണ് രാജ്യത്തിന്റെ ചുമതല വഹിക്കുന്നതെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ഇപ്പോളും വാദിക്കുന്നത്. എന്നാല്‍ മുജ്തബ ആശുപത്രിയിൽ കോമയിൽ ചികിത്സയിലാണെന്നാണ് യുഎസ് റിപ്പോർട്ടുകൾ പറയുന്നത്. അദ്ദേഹത്തിന് സാരമായ പരിക്കുകളുണ്ടെന്നും അംഗഭംഗം വരെ സംഭവിച്ചിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.