വെടിനിര്‍ത്തലിന് യു.എസ് മുന്നോട്ടുവച്ച പുതിയ നിര്‍ദേശങ്ങള്‍ തള്ളി ഇറാന്‍. വെടിനിര്‍ത്തലല്ല യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നാണ് ഇറാന്‍ നിലപാട്. അതേസമയം കരാറിന് ഇറാനുള്ള സമയം നാളെ അവസാനിക്കുമെന്നും ഇറാന്റെ സമീപനത്തില്‍ താന്‍ അസ്വസ്ഥനാണെണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

 

യുദ്ധം പൂർണമായി അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ലെന്ന് ഉറപ്പുവേണമെന്നുമാണ് ഇറാന്റെ നിലപാട്.   അമേരിക്കന്‍ നിര്‍ദേശങ്ങള്‍ തള്ളിയ ഇറാന്‍ പകരം പുതിയ 10 നിര്‍ദേശങ്ങള്‍ യു.എസിന് മുന്നില്‍ വച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനല്‍‌കില്ല.  മേഖലയിലെ എല്ലാസംഘര്‍ഷങ്ങളും അവസാനിപ്പിക്കണം.  യുദ്ധത്തില്‍ തകര്‍ത്തവ പുനര്‍നിര്‍മിക്കണം. ഉപരോധങ്ങള്‍ നീക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.  എന്നാല്‍ ഇറാന്‍ കരാറിന് തയാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇപ്പോഴത്തെ ഇറാന്‍ നേതൃത്വം യുക്തിപൂര്‍വം ചിന്തിക്കുന്നവരാണെന്നും ട്രംപ്.

 

അതിനിടെ  ഇറാന്റെ പ്രധാന പ്രകൃതിവാതകപ്പാടമായ സൗത്ത് പാർസിലെ പെട്രോകെമിക്കൽ പ്ലാന്റിനു നേരെ ഇസ്രയേൽ ആക്രമണം നടത്തി. ടെഹ്റാനില്‍ കനത്ത ആക്രമണമുണ്ടായി. ഐ.ആര്‍ജിസി രഹസ്യാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖാദെമിയെയും  ഖുദ്‌സ് ഫോഴ്‌സിലെ രഹസ്യ യൂണിറ്റിന്റെ തലവൻ അസ്ഗർ ബകേരിയെയും  ഇസ്രയേല്‍ വധിച്ചു.

 

ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നത് തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്നും ഇറാന്‍ ആക്രമണശ്രമമുണ്ടായി. കുവൈത്തില്‍   ജനവാസമേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ആറുപേര്‍ക്ക് പരുക്കേറ്റു

 

യുഎഇക്കും കുവൈത്തിനും നേരെ ഇറാന്റെ വ്യോമാക്രമണം തുടരുന്നതിനിടെ ഇരുരാജ്യങ്ങളിലുമായി ഇന്ന് പതിനൊന്ന്  പേർക്ക് പരിക്കേറ്റു. അബുദാബി മുസഫയിലെ റനീൻ സിസ്റ്റംസ്, ഫുജൈറയിലെ ഡു ഓഫീസ്, റുവൈസിലെ ബൊറൂജ് പ്ലാന്റ് എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വൻ നാശനഷ്ടങ്ങളുണ്ടായി. കുവൈത്തിന്റെ വടക്കൻ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ മിസൈൽ പതിച്ച് ആറ് പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

 

വൈദ്യുതി നിലയങ്ങൾക്കും സംഭരണ കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് കുവൈത്തിൽ ഈ മാസം 11 വരെ വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സം നേരിടും. ഇതിനിടെ ബഹ്റൈനിലും രണ്ട് ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പശ്ചിമേഷ്യയിൽ അതീവ ജാഗ്രത തുടരുകയാണ്.

 

ENGLISH SUMMARY:

Iran has rejected fresh ceasefire proposals from the United States, insisting on a permanent end to the ongoing conflict rather than a temporary truce. Former US President Donald Trump has set a deadline for Iran to respond, warning of serious consequences if an agreement is not reached. As diplomatic tensions rise, Iran has put forward a list of counter-demands, including lifting sanctions and maintaining control over key strategic regions like the Strait of Hormuz. Meanwhile, the conflict has intensified on the ground, with Israeli strikes targeting key Iranian facilities and officials, raising fears of a broader regional escalation affecting Gulf nations.