us-aircraft

രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വന്തം വിമാനം തകര്‍ത്ത് യു.എസ്. ഇറാന്‍ സൈന്യത്തിന്‍റെ കയ്യില്‍ വിമാനം എത്താതിരിക്കാനാണ് യു.എസ് തങ്ങളുടെ രണ്ടു വിമാനങ്ങള്‍ നശിപ്പിക്കേണ്ടി വന്നത്. ഇറാന്‍ തകര്‍ത്ത F-15 വിമാനത്തിലെ രണ്ടാമത്തെ ക്രൂ മെംബറായിരുന്ന വെപ്പൺസ് സിസ്റ്റം ഓഫീസറെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ ആള്‍നഷ്ടമില്ലെങ്കിലും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. 

രണ്ട് എംസി-130ജെ വിമാനങ്ങളാണ് ദൗത്യത്തിന് ഉപയോഗിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ ഇവ സംഭവ സ്ഥലത്ത് കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് അവ സ്ഫോടനത്തിലൂടെ നശിപ്പിച്ചു എന്നാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിയൻ കൈകളിൽ അകപ്പെടാതിരിക്കാനാണ് വിമാനം തകർത്തത്. പിന്നീട് രക്ഷാപ്രവര്‍ത്തരെ മൂന്ന് വിമാനങ്ങള്‍ അയച്ചാണ് തിരികെ കൊണ്ടുവന്നത്. ഇറാനിൽ നിന്ന് കുവൈറ്റിലേക്കാണ് ഇവ പറന്നത്. അർധരാത്രിക്ക് മുന്‍പ് തന്നെ ദൗത്യം പൂർത്തിയാക്കി യു.എസ് സേന ഇറാനിയൻ വ്യോമാതിർത്തി പിന്നിട്ടിരുന്നു. 

എന്നാല്‍ വിമാനം തങ്ങള്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇസ്ഫഹാന് തെക്കൻ മേഖലയിൽ വിമാനം വെടിവച്ചിട്ടതായാണ് ഇറാന്‍റെ വാദം. ഇറാന്‍ പൊലീസിന്‍റെ സ്പെഷ്യല്‍ ഫോഴ്സിന്‍റെ കനത്ത വെടിവയ്പ്പിലാണ് വിമാനം തകര്‍ന്നതെന്ന് തന്‍സികം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന യുദ്ധവിമാനത്തിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാൻ പാർലമെന്റ് സ്പീക്കർ ഖാലിബാഫ് യു.എസിനെ പരിഹസിച്ചു. ഇത്തരം മൂന്ന് വിജയങ്ങൾ കൂടി ഉണ്ടായാൽ അമേരിക്ക പൂർണ്ണമായും തകരുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ ഇറാന്‍ വെടിവെപ്പില്‍ യു.എസിന്‍റെ ബാക്ക്ഹ്വക്ക് ഹെലികോപ്ടറിന് കേടുപാട് പറ്റുകയും അംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ‌

മലയിടുക്കിലായിരുന്നു വെപ്പൺസ് സിസ്റ്റം ഓഫീസര്‍ ഒളിച്ചിരുന്നത്. എന്നാല്‍ എവിടെയാണ് കൃത്യമായ ലൊക്കേഷന്‌ എന്നത് യു.എസിനോ ഇറാനോ വ്യക്തമായിരുന്നില്ല. തങ്ങളുടെ കമ്മ്യൂണിക്കേഷന്‍ വഴി ലെക്കേഷന്‍ കണ്ടെത്തിയ ഉടനെ സിഐഎ ഇറാനില്‍ തന്ത്രമിറക്കി. വൈമാനികനെ കണ്ടെത്തിയെന്നും കരമാര്‍ഗം സൈന്യം എത്താന്‍ സാധ്യയുണ്ടെന്നും വാര്‍ത്ത പരത്തി. ഈ സമയം പെന്‍റഗണിനും യു.എസ് സൈന്യത്തിനും വൈറ്റ് ഹൗസിനും സിഐഎ വഴി വെപ്പൺസ് സിസ്റ്റം ഓഫീസറുടെ കൃത്യമായ ലെക്കേഷന്‍‌ കൈമാറി. ഇങ്ങനെയാണ് ദൗത്യസംഘം കൃത്യമായി സൈനികന് അടുത്തേക്ക് എത്തുന്നത്.  

ENGLISH SUMMARY:

US plane destroyed Iran; The US destroyed two of its aircraft to prevent them from falling into Iranian hands during a rescue operation. This incident occurred while rescuing the second crew member, a Weapons Systems Officer, from an F-15 aircraft downed by Iran.