Image Credit: X/Press TV

കരയുദ്ധത്തിന് യുഎസ് തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ അമേരിക്കന്‍ പട്ടാളത്തെ വെല്ലുവിളിച്ച് ഇറാന്‍ സ്പെഷല്‍ ഫോഴ്സിന്‍റെ വിഡിയോ. അമേരിക്കന്‍ സൈനികരെ നേരിട്ട് തോല്‍പ്പിക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും 'അടുത്തേക്ക് വാ, ഞങ്ങള്‍ തകര്‍ത്ത് കളയു'മെന്നുമുള്ള സന്ദേശമടങ്ങുന്ന വിഡിയോയാണ് ഐആര്‍ജിസി പുറത്തുവിട്ടത്. 59 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഇറാന്‍റെ പ്രത്യേക സംഘം സൈനികര്‍ ആയുധങ്ങളുമായി തയാറെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. ദുര്‍ഘട പ്രദേശത്ത് സൈനികാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും  മിസൈല്‍ ലോഞ്ചറുകളുമായി നീങ്ങുന്നവരെയും ഉഗ്ര സ്ഫോടനങ്ങളുടെ ദൃശ്യങ്ങളും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. 

ഇറാനില്‍ നഷ്ടമാകുന്ന ഓരോ ജീവനും അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്നും അമേരിക്കന്‍ ടെക് കമ്പനികളായ ആപ്പിള്‍, ഗൂഗിള്‍, മെറ്റ, ഐബിഎം, ടെസ്​ല എന്ന് തുടങ്ങി പതിനെട്ടോളം സ്ഥാപനങ്ങള്‍ക്കെതിരെ ഇന്ന് മുതല്‍ ആക്രമണം ഉണ്ടാകുമെന്നും ഇറാന്‍ ഇന്നലെ വ്യക്തമാക്കി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഓഫിസുകളില്‍ നിന്നും ഓഫിസ് പരിസരങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഭീകര സ്ഥാപനങ്ങളാണ് ഇവയെന്നും ഈ  സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. 

സര്‍വസന്നാഹങ്ങളുമായി അമേരിക്കന്‍ സൈന്യം തയാറാണെന്നായിരുന്നു വൈറ്റ് ഹൗസിന്‍റെ ഇന്നലത്തെ പ്രതികരണം. അധിക സൈന്യത്തെ കൂടി പശ്ചിമേഷ്യയിലേക്ക് നിയോഗിക്കുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ ആറിനകം യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൂടുതല്‍ പട്ടാളക്കാരെ നിയോഗിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്. 

അമേരിക്കന്‍ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായാണ് നിലവില്‍ സൈന്യത്തെ നിയോഗിക്കുന്നതെന്നും സമാധാനക്കരാറിലെത്താനും യുദ്ധം അവസാനിപ്പിക്കാനുമാണ് യുഎസ് ശ്രമിക്കുന്നതെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റിന്‍റെ പ്രതികരണം. 'ഓപ്പറേഷന്‍ എപിക് ഫ്യുറിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലാണ് പ്രസിഡന്‍റ് ട്രംപ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. അതിനായി കമാന്‍ഡര്‍ ഇന്‍ ചീഫിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാണ് പെന്‍റഗണിന്‍റെ ജോലി'യെന്നും അവര്‍ പ്രതികരിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ അമേരിക്കന്‍ സൈന്യം പശ്ചിമേഷ്യയില്‍ നിന്ന് മടങ്ങുമെന്നും യുദ്ധം അവസാനിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്‍റെ ഒടുവിലത്തെ പ്രതികരണം. യുഎസ്എസ് ട്രിപ്പൊളിയില്‍ മാത്രം 3500 മറീനുകളും സൈനികരുമാണ് ഉള്ളത്. ഇതിന് പുറമെ ഏഴായിരത്തോളം സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് യുഎസ് നിയോഗിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Iran's IRGC released a provocative video challenging US ground forces, as rumors of a land invasion grow. Tehran has issued a direct threat against 18 US tech firms, including Apple, Google, Meta, and Tesla, labeling them 'terrorist organizations' and warning employees to evacuate. Meanwhile, the White House confirmed the deployment of 7,000 additional troops to the Middle East, even as President Trump aims for a peace deal by April 6.