Planes of Kuwait Airways and Qatar Airways are seen through the window of a Middle East Airlines aircraft at Cairo International Airport, amid the U.S.-Israeli conflict with Iran, in Cairo, Egypt, March 31, 2026. REUTERS/Amr Abdallah Dalsh

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണ ടാങ്കറിന് തീ പിടിച്ചതായി റിപ്പോര്‍ട്ട്. വലിയ തീ പിടിത്തമുണ്ടായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെയുഎന്‍എ അറിയിച്ചു. യുദ്ധം ആരംഭിച്ച ശേഷം കുവൈത്ത് വിമാനത്താവളത്തിന് നേരെ നിരന്തരം ആക്രമണം നടക്കുന്നുണ്ട്. എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് മുന്‍പും ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. അതേസമയം ആക്രമണത്തില്‍ വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് കുവൈത്ത് ഏവിയേഷന്‍ ഫ്യുവലിങ് കമ്പനി അറിയിച്ചു. 

അതേസമയം, യുദ്ധം വൈകാതെ അവസാനിപ്പിക്കുമെന്നും യുദ്ധം തുടങ്ങിയപ്പോള്‍ തനിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അത് നേടിയെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 'എനിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അവര്‍ക്ക് ആണവായുധം ഉണ്ടാകാന്‍ പാടില്ല. ആ ലക്ഷ്യം ഞാന്‍ കൈവരിച്ചു. അവര്‍ക്കിനി ഒരിക്കലും ആണവായുധം ഉണ്ടാകില്ല' എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. നാളെ ഇറാന്‍ യുദ്ധം സംബന്ധിച്ച് ട്രംപിന്‍റെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് എക്സില്‍ കുറിച്ചു. 

ഇറാന്‍ യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും പ്രതികരിച്ചു. ' ഇന്നും നാളെയും അല്ല, പക്ഷേ ഇറാന്‍ യുദ്ധം അവസാനിക്കാന്‍ പോകുകയാണ്' എന്നായിരുന്നു ഫോക്സ് ന്യൂസിനോട് റുബിയോയുടെ പ്രതികരണം. 

യുദ്ധം തുടങ്ങിയത് ഇറാന്‍ അല്ലെന്നും എന്നാല്‍ കൃത്യമായ ചില ഉറപ്പുകള്‍ ലഭിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പറഞ്ഞു. യുഎസ്–ഇസ്രയേലി അധിനിവേശമാണ് നടന്നത്. പ്രാദേശിക ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഇറാന് ഉറപ്പ് ലഭിക്കണമെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പെസഷ്കിയന്‍ പറഞ്ഞു. ഇറാന്‍ സ്വന്തം പരമാധികാരം സംരക്ഷിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്നും ഒരു യുദ്ധവും തുടങ്ങിയിട്ടില്ലെന്നും പെസഷ്കിയന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

An Iranian drone strike caused a massive fire at an oil tanker in Kuwait International Airport, according to KUNA. Despite the escalation, President Donald Trump stated that the war is nearing its end as the US has achieved its goal of preventing Iran from acquiring nuclear weapons. White House Press Secretary Karoline Leavitt confirmed a major announcement on April 2. Meanwhile, Iranian President Masoud Pezeshkian expressed readiness for a ceasefire if regional sovereignty is guaranteed.