strait-of-hormuz-oil

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയതായി ഇറാന്‍. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളുടെ പേര് എടുത്തു പറഞ്ഞാണ് മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ എക്സ് പോസ്റ്റ്. ഇറാൻ വിരുദ്ധ നടപടികളെ പിന്തുണയ്ക്കാത്ത  സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കുന്ന ശത്രുപക്ഷത്തല്ലാത്ത കപ്പലുകൾക്ക് ഹോര്‍മുസ് ഉപയോഗിക്കാമെന്ന് നേരത്തെ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ മിഷൻ പുറത്തിറക്കിയ വ്യക്തമാക്കിയിരുന്നു. 

അതേസമയം ഇറാന്‍ ഹോര്‍മുസിന്‍റെ അധികാരം സ്ഥാപിക്കാനുള്ള നിയമം പാസാക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളില്‍ നിന്നും ടോള്‍ പിരിക്കാന്‍ അനുവാദം നല്‍കുന്ന നിയമത്തിന്റെ കരട് തയ്യാറാക്കിയതായും ഉടന്‍ നിയമാകുമെന്നും പാര്‍ലമെന്‍റിന്‍റെ സിവില്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞതായി ഇറാന്‍ വാര്‍ത്ത ഏജന്‍സികളായ ഫാര്‍സ്, തസ്നിം എന്നിവ റിപ്പോര്‍ട്ട് ചെയ്തു. പണം വാങ്ങി കപ്പലുകളുടെ സുരക്ഷിതത്വം ഉറപ്പിക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം. 

മറ്റ് കപ്പല്‍ പാതകളിലൂടെ ചരക്കുകൾ കടന്നുപോകുമ്പോൾ നികുതി നൽകാറുള്ളത് പോലെയാണിതെന്നാണ് ഇറാന്‍ വിശദീകരിക്കുന്നത്. ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷ സുരക്ഷ ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്, അതുകൊണ്ടുതന്നെ കപ്പലുകളും ടാങ്കറുകളും നികുതി നൽകുന്നത് സ്വാഭാവികമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടക്കുന്ന കപ്പലൊന്നിന് 2 മില്യണ്‍ യു.എസ് ഡോളര്‍ (18.8 കോടി രൂപ) ഇറാന്‍ ഈടാക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. 

കപ്പലുകളില്‍ നിന്നും പണം പിരിച്ചു തുടങ്ങിയതായി ഇറാന്‍ പാര്‍ലമെന്‍റിന്‍റെ ദേശീയ സുരക്ഷ കമ്മിറ്റി അംഗം അലായുദ്ദീൻ ബോറൂജെർഡി വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് ചെലവുകളുണ്ട്. അതിനാല്‍ കപ്പലുകള്‍ക്ക് ട്രാന്‍സിറ്റ് ഫീസ് ഈടാക്കണം. പണം വാങ്ങാന്‍ ഇറാന് അധികാരമുണ്ടെന്നാണ്  അലായുദ്ദീൻ ബോറൂജെർഡി പറഞ്ഞത്.

ENGLISH SUMMARY:

Iran has announced permission for ships from friendly nations, including India, to navigate through the Strait of Hormuz. This move allows non-adversarial vessels that adhere to strict security protocols and do not support anti-Iran measures to use the vital waterway.