ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ ആക്രമണവുമായി ഇറാന്‍. ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളിലാണ് ഇറാൻ മിസൈലുകൾ വർഷിച്ച് നാശനഷ്ടമുണ്ടാക്കിയത്. എന്നാല്‍ ഇറാന്‍റെ മിസൈല്‍ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അൽ ഉദൈദ് (ഖത്തർ), അലി അൽ സലേം (കുവൈത്ത്), പ്രിൻസ് സുൽത്താൻ (സൗദി അറേബ്യ) എന്നിവയുൾപ്പെടെ ഗൾഫിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നത്. അതേസമയം, ട്രംപിന്‍റെ വെടിനിര്‍ത്തലിനിടയിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ടെല്‍ അവീവില്‍ കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു ഇറാന്‍.
മധ്യ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിനടുത്ത് വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ക്ലസ്റ്റര്‍ ബോംബുകള്‍ പ്രദേശത്ത് വ്യാപകമായി പതിച്ചുവെന്നും ജനവാസ മേഖലയില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്.
യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന 15 ഇന പദ്ധതിക്ക് മറുപദ്ധതി മുന്നോട്ടുവച്ചിരിക്കുകയാണ് ഇറാന്‍. അമേരിക്കയ്ക്ക് കടുത്ത വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്ന നിര്‍ദേശങ്ങളാണിതിലുള്ളതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് പൂര്‍ണമായും തുറക്കണമെന്നും യുഎന്‍ സംഘത്തിന്‍റെ പരിശോധനയ്ക്ക് വഴങ്ങണമെന്നും മിസൈല്‍ ശേഷി പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമെല്ലാമുള്ള ട്രംപിന്‍റെ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്‍ സൈന്യം മുന്നോട്ട് വച്ചതെന്നാണ് സൂചന.
ഇതനുസരിച്ച് ഗള്‍ഫിലെ എല്ലാ യുഎസ് സൈനികത്താവളങ്ങളും അടച്ച് പൂട്ടണമെന്നും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെല്ലാം പിന്‍വലിക്കണമെന്നും മിസൈല്‍ പദ്ധതിക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരരുതെന്നും ഇറാന് സംഭവിച്ച സാമ്പത്തിക നഷ്ടം നികത്തണമെന്നുമാണ് ഐആര്‍ജിസിയുടെ ആവശ്യം.
ഒറ്റനോട്ടത്തില്‍ തന്നെ അമേരിക്കയ്ക്ക് താങ്ങാന്‍ കഴിയാത്ത ആവശ്യങ്ങളാണ് വെടിനിര്‍ത്തലിനായി ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട്. രാജ്യാന്തരതലത്തില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സമ്മര്‍ദമേറിയതോടെയാണ് ജയം പ്രഖ്യാപിച്ചും വെടിനിര്‍ത്തല്‍ കൊണ്ടുവന്നും ട്രംപ് പിന്‍വാങ്ങാന്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.