FILE PHOTO: A man installs a banner with a picture of late Islamic Revolutionary Guard Corps (IRGC) Commander-in-Chief Major General Hossein Salami, following the Israeli strikes on Iran, in Tehran, June 14, 2025. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY/File Photo
യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന 15 ഇന പദ്ധതിക്ക് മറുപദ്ധതി മുന്നോട്ടുവച്ച് ഇറാന്‍. അമേരിക്കയ്ക്ക് കടുത്ത വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്ന നിര്‍ദേശങ്ങളാണിതിലുള്ളതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് പൂര്‍ണമായും തുറക്കണമെന്നും യുഎന്‍ സംഘത്തിന്‍റെ പരിശോധനയ്ക്ക് വഴങ്ങണമെന്നും മിസൈല്‍ ശേഷി പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമെല്ലാമുള്ള ട്രംപിന്‍റെ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്‍ സൈന്യം മുന്നോട്ട് വച്ചതെന്നാണ് സൂചന.
ഇതനുസരിച്ച് ഗള്‍ഫിലെ എല്ലാ യുഎസ് സൈനികത്താവളങ്ങളും അടച്ച് പൂട്ടണമെന്നും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെല്ലാം പിന്‍വലിക്കണമെന്നും മിസൈല്‍ പദ്ധതിക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരരുതെന്നും ഇറാന് സംഭവിച്ച സാമ്പത്തിക നഷ്ടം നികത്തണമെന്നുമാണ് ഐആര്‍ജിസിയുടെ ആവശ്യം. ഒറ്റനോട്ടത്തില്‍ തന്നെ അമേരിക്കയ്ക്ക് താങ്ങാന്‍ കഴിയാത്ത ആവശ്യങ്ങളാണ് വെടിനിര്‍ത്തലിനായി ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട്. രാജ്യാന്തരതലത്തില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സമ്മര്‍ദമേറിയതോടെയാണ് ജയം പ്രഖ്യാപിച്ചും വെടിനിര്‍ത്തല്‍ കൊണ്ടുവന്നും ട്രംപ് പിന്‍വാങ്ങാന്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. ട്രംപിന്‍റെ പതിനഞ്ചിന പദ്ധതിക്ക് ഇറാന്‍ വഴങ്ങുമെന്ന് കരുതുന്നില്ലെന്ന് ഇസ്രയേലിന്‍റെ ഉന്നത പ്രതിനിധിയും പ്രതികരിച്ചു.
ചര്‍ച്ചകള്‍ക്കായി സമീപിച്ചുവെന്ന ട്രംപിന്‍റെ വാദങ്ങളെ ഇറാന്‍ തള്ളി. ഖതം അല്‍ അന്‍പിയ വക്താവാണ് ട്രംപിന്‍റെ വാദങ്ങളെ തള്ളിയത്. യുഎസ് അനുകൂല മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിനെ സമീപിച്ചെന്ന വാര്‍ത്തയെന്നും യാഥാര്‍ഥ്യവുമായി അതിന് ബന്ധമില്ലെന്നും വക്താവ് ഫാര്‍സ് ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു. യുഎസുമായോ ഇസ്രയേലുമായോ ഒരു ഉടമ്പടിയിലും എത്തിയിട്ടില്ലെന്നും ചര്‍ച്ചയില്ലെന്ന നിലപാടിന് മാറ്റമില്ലെന്നും യുദ്ധം ആരംഭിച്ചത് ഇറാനല്ലെന്നും സൈന്യം വ്യക്തമാക്കി. യുഎസും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കുമ്പോള്‍ മാത്രമേ തിരിച്ചടികളും അവസാനിക്കുകയുള്ളൂവെന്നും ഇറാന്‍റെ നിലപാടുകളില്‍ മാറ്റമില്ലെന്നും വിഡിയോ സന്ദേശത്തില്‍ പറയുന്നു.
അതിനിടെ ഹോര്‍മുസ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകവ്യാപകമായി വളത്തിന്‍റെ വിതരണത്തില്‍ തടസം നേരിട്ടിരുന്നുവെന്നും ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ നീങ്ങിയിട്ടുണ്ടെന്നും ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കി. രാജ്യാന്തര തലത്തില്‍ ആവശ്യമുള്ള വളത്തിന്‍റെ മൂന്നിലൊന്നും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഉല്‍പാദനത്തെയും വിളവെടുപ്പിനെയും ദോഷകരമായി ബാധിക്കുമെന്നാണ് ഡബ്ല്യുടിഒ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജീന്‍ മേരി പൗഗം പറയുന്നത്.