ഫയൽ ഫോട്ടോ: ആമസോൺ വെബ് സർവീസസ് (AWS) എഐ ഡാറ്റാ സെന്ററിൽ ഒരു ടെക്നീഷ്യൻ ജോലി ചെയ്യുന്നു, റോയിട്ടേഴ്സ്/നോഹ ബെർഗർ
ബഹ്റൈനിൽ യുഎഇ സായുധ സേനാ ദൗത്യസംഘത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൊറോക്കൻ സ്വദേശിയായ സിവിലിയന്‍ കോണ്‍ട്രാക്ടർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബഹ്റൈനിലെ ആമസോൺ വെബ് സർവീസ് (AWS) കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായതോടെ മേഖലയിലെ പ്രമുഖ ബാങ്കുകളുടെയും ഇ-കൊമേഴ്സ് സൈറ്റുകളുടെയും ക്ലൗഡ് സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടു. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ അബുദാബിയിലെ എഡബ്ല്യുഎസ് കേന്ദ്രത്തിന് നേരെയും സമാനമായ നീക്കങ്ങൾ ഉണ്ടായിരുന്നു.
ഇന്ന് ആറ് മിസൈലുകളും പത്തൊൻപത് ഡ്രോണുകളുമാണ് ബഹ്റൈനെ ലക്ഷ്യമാക്കി എത്തിയതെന്നും ഒരു വാണിജ്യ കെട്ടിടത്തിന് തീപിടിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു. കുവൈത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ഏഴ് പ്രധാന വൈദ്യുതി വിതരണ ലൈനുകൾ തകരുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. തകരാറിലായ ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചതായി കുവൈത്ത് ഊർജ്ജമന്ത്രി ഫാത്തിമ അബ്ബാസ് ജവഹർ ഹയാത് വ്യക്തമാക്കി.
അതേസമയം, വൈദ്യുതി തടസ്സത്തെക്കുറിച്ച് പഴയ അറിയിപ്പുകൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുഎഇയിൽ ഇന്ന് അഞ്ച് ബാലിസ്റ്റിക് മിസൈലുകളും പതിനേഴ് ഡ്രോണുകളും ആക്രമണം നടത്തിയതോടെ പരുക്കേറ്റവരുടെ എണ്ണം നൂറ്റി അറുപത്തിയൊന്നായി ഉയർന്നു