TAGS

ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ ശക്തമായ പ്രളയത്തിൽപ്പെട്ട് കൊല്ലം പെരിനാട് സ്വദേശി മഹേഷ് കുമാർ മരിച്ചു. രാജ്യത്ത് രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിലും മിന്നൽ പ്രളയത്തിലും മരിച്ച മലയാളികളുടെ എണ്ണം ഇതോടെ മൂന്നായി ഉയർന്നു. അതേസമയം, കഴിഞ്ഞ ദിവസം മിന്നൽ പ്രളയത്തിൽപ്പെട്ട് കാണാതായ പാലക്കാട് സ്വദേശി റംലത്തിന്റെ മൃതദേഹം കണ്ടെത്തി. 

വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിൽ സന്ദർശനത്തിനായി എത്തിയതായിരുന്നു മഹേഷ് കുമാർ. അപ്രതീക്ഷിതമായുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ മഹേഷ് അകപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. മസ്കത്ത്, ബുറൈമി, ദാഹിറ, ഷർഖിയ ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ ഇന്ന് രാത്രി വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. വാദികൾ മുറിച്ചുകടക്കരുതെന്നും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറിനിൽക്കണമെന്നും റോയൽ ഒമാൻ പോലീസ് കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ അറിയിച്ചു. മഴക്കെടുതിയിൽ ഇതുവരെ സ്വദേശികളും പ്രവാസികളുമടക്കം നിരവധി പേർക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ നഷ്ടമായത്.  രക്ഷാപ്രവർത്തനത്തിനായി സിവിൽ ഡിഫൻസ് യൂണിറ്റുകളും ആംബുലൻസ് വിഭാഗവും രാജ്യമുടനീളം അതീവ ജാഗ്രതയോടെ സജ്ജമായിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

ENGLISH SUMMARY:

Mahesh Kumar, a native of Perinad in Kollam, has tragically died in a flash flood at Wadi Bani Khalid, a tourist spot in Oman. This unfortunate incident raises the death toll of Malayalis in Oman's recent heavy rains and flash floods to three.