Image Credit: x/ Mehr

Image Credit: x/ Mehr

ഇറാന്‍റെ മിസൈല്‍ വര്‍ഷത്തിന് മറുപടിയായി ടെഹ്റാനില്‍ കനത്ത വ്യോമാക്രണം നടത്തി ഇസ്രയേല്‍. ഉര്‍മിയയിലെ ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. പാര്‍പ്പിട സമുച്ചയങ്ങള്‍ തകര്‍ന്ന് വീണതോടെ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ടെഹ്റാനിലും പുലര്‍ച്ചെ ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായിരുന്നു. മധ്യ, തെക്കന്‍, കിഴക്കന്‍ ടെഹ്റാനിലെ വിവിധ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. വ്യോമപ്രതിരോധം തലസ്ഥാനത്ത് കാര്യക്ഷമമാണെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ റേഡിയോ സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് പരുക്കേറ്റതായും മെഹ്ര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റേഡിയോ പ്രക്ഷേപണം മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് സെന്‍ട്രല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി അറിയിച്ചു.

ആക്രമണം കനക്കുന്നതിനിടെ ഇറാന്‍റെ തെക്കു കിഴക്കന്‍ നഗരമായ കെര്‍മനില്‍ ജനങ്ങള്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ തെരുവിലിറങ്ങി. പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ചിത്രങ്ങളുമേന്തിയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. തെക്കന്‍ ഖൊറസാന്‍ പ്രവിശ്യയിലും പടിഞ്ഞാറന്‍ അസര്‍ബൈജാനടുത്തുള്ള ഉര്‍മിയയിലും തുര്‍ക്കി, ഇറാഖ് അതിര്‍ത്തികളിലും വലിയ പ്രതിഷേധം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.  

People attend an anti-U.S. and Israeli rally, amid the U.S.-Israeli conflict with Iran, in Tehran, Iran, March 22, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY

People attend an anti-U.S. and Israeli rally, amid the U.S.-Israeli conflict with Iran, in Tehran, Iran, March 22, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY

ഇറാന്‍ യൂറോപ്പിനാകെ ഭീഷണിയാണെന്നും ആക്രമണം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എക്സില്‍ കുറിച്ചു. 'സംസ്കാരങ്ങള്‍ക്കും സ്വതന്ത്ര ലോകത്തിനും തങ്ങള്‍ ഭീഷണിയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ച് തെളിയിക്കുകയാണ്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. ഇസ്രയേലും യുഎസും പൂര്‍വാധികം ശക്തിയോടെ ഖമനയി ഭരണകൂടത്തിനെതിരെ ആക്രമണം തുടരും' എന്നായിരുന്നു നെതന്യാഹുവിന്‍റെ കുറിപ്പ്. ഇറാന്‍ കനത്ത നാശം വിതച്ച ഡിമോണയിലെത്തി ജനങ്ങളെ നെതന്യാഹു സന്ദര്‍ശിച്ചു.

'ഇറാന്‍ ലോകത്തിന് തന്നെ ഭീഷണിയാണെന്നതിന് ആര്‍ക്കെങ്കിലും കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടോ? കഴിഞ്ഞ 48 മണിക്കൂറിനിടെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മേലാണ് അവരുടെ മിസൈലുകള്‍ വീണത്. കുട്ടികളുടെ നഴ്സറി, വയോജന മന്ദിരം, കുടുംബങ്ങള്‍ ഒന്നും ഇറാന്‍ വെറുതേ വിട്ടില്ല. രാജ്യാന്തര സമൂഹം വിലക്കേര്‍പ്പെടുത്തിയ ക്ലസ്റ്റര്‍ ബോംബുകളാണ് ഇറാന്‍ വര്‍ഷിച്ചത്' നെതന്യാഹു ആരോപിച്ചു. ജെറുസലേമിനെപ്പോലും ഇറാന്‍ വെറുതേ വിട്ടില്ലെന്നും വിശുദ്ധ നഗരത്തിന് നേെര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവെന്നും 4000 കിലോമീറ്റര്‍ അകലെയുള്ള ഡീഗോ ഗാര്‍ഷ്യയിലേക്കും മിസൈല്‍ അയച്ചുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Following Iran's missile barrage, Israel launched massive airstrikes on Tehran and Urmia. Residential complexes in Urmia were destroyed, leaving many trapped. PM Netanyahu visited Dimona, condemning Iran's use of banned cluster bombs and vowing to continue the offensive alongside the US. Protests against Israel and the US have erupted across Iranian cities including Kerman and South Khorasan