Image Credit: X

യുദ്ധം രൂക്ഷമാകുന്നതിനിടെ അറബിക്കടലില്‍ ആണവക്കരുത്തുള്ള അന്തര്‍വാഹിനി ഇറക്കി ബ്രിട്ടീഷ് നേവി. ടോംഹാക് ക്രൂസ് മിസൈലുകളോട് കൂടിയ 'HMS ആന്‍സണ്‍'  ഈ മാസം ആദ്യമാണ് പെര്‍ത്തില്‍ നിന്നും പുറപ്പെട്ട് 5,500 മൈല്‍ സഞ്ചരിച്ച് അറബിക്കടലില്‍ എത്തിയത്. 1600 കിലോമീറ്ററാണ് ഈ അന്തര്‍വാഹിനിയില്‍ നിന്നുള്ള മിസൈല്‍ പ്രഹരശേഷി. 

ടോംഹാക്ക് ബ്ലോക്ക് IV മിസൈലുകളാണ് അന്തര്‍വാഹിനിയിലുള്ളത്. യുകെയുടെ കൈവശമുള്ള അസ്റ്റൂട്ട് ശ്രേണിയില്‍പ്പെടുന്ന അന്തര്‍വാഹിനികളുടെ കൂട്ടത്തില്‍ അഞ്ചാമത്തേതാണ് HMS ആന്‍സണ്‍. HMS അസ്യൂറ്റ്, അബുഷ്, ആര്‍ട്ട്ഫുള്‍, ഒഡാഷ്യസ് എന്നിവയാണ് മറ്റുള്ളവ. ബ്രിട്ടീഷ് നേവിയുടെ കൈവശമുള്ളതില്‍ അത്യാധുനികവും പ്രഹരശേഷി ഏറ്റവും കൂടുതലുള്ളതുമായ അന്തര്‍വാഹിനിയാണ് HMS ആന്‍സണ്‍. 

സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ഇറാനിലേക്ക് തൊടുക്കാന്‍ പാകത്തിലാണ് അന്തര്‍വാഹനി നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, HMS ആന്‍സന്‍റെ വിന്യാസത്തെ കുറിച്ച് ബ്രിട്ടീഷ് നേവി ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡീഗോ ഗാര്‍ഷ്യയിലേക്ക് ഇറാന്‍റെ മിസൈലുകളെത്തിയതും ഹോര്‍മുസിലെ പ്രതിസന്ധിയും കണക്കിലെടുത്താണ് വിന്യാസമെന്ന വിലയിരുത്തലുമുണ്ട്. 

യുകെ ഉള്‍പ്പടെയുള്ള 22 രാജ്യങ്ങളാണ് ഹോര്‍മുസിലെ ഇറാന്‍റെ നടപടിക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കിയത്. യുഎസ്–ഓസ്ട്രേലിയ–യുകെ സഹകരണത്തിന്‍റെ ഭാഗമായി ഓസ്ട്രേലിയയിലായിരുന്നു HMS ആന്‍സണ്‍ കഴിഞ്ഞ മാസം വരെയുണ്ടായിരുന്നത്. ഹോര്‍മുസില്‍ ഇറാന്‍ കടുത്ത ഭീഷണിയാണ് രാജ്യാന്തര സമൂഹത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഉണ്ടാക്കുന്നതെന്നും സമാധാനപരമായി എല്ലാം അവസാനിപ്പിക്കണമെന്നും യുകെ വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

In a significant military escalation, the UK's Royal Navy has deployed its advanced nuclear-powered submarine, HMS Anson, to the Arabian Sea. Equipped with Tomahawk Block IV cruise missiles boasting a strike range of 1,600 km, the Astute-class submarine traveled 5,500 miles from Perth to reach its current position. This strategic move follows Iran's recent missile threats toward Diego Garcia and the ongoing blockade in the Strait of Hormuz. As one of 22 nations condemning Iran's actions, the UK's deployment signals a major shift in the AUKUS partnership's role in Middle East security.