Image Credit: X/anthonypacci
ഖത്തറിന്‍റെ സൈനിക ഹെലികോപ്റ്റര്‍ പുലര്‍ച്ചെയോടെ കടലില്‍ തകര്‍ന്ന് വീണു. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിശദീകരണം. പതിവ് പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്നത് ഖത്തര്‍ പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കടലില്‍ വീണ സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹെലികോപ്റ്ററില്‍ എത്ര സൈനികര്‍ ഉണ്ടായിരുന്നുവെന്നോ എവിടേക്കായിരുന്നു സഞ്ചാരമെന്നോ ഖത്തര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഖത്തറിലെ യുഎസ് സൈനികത്താവളങ്ങള്‍ക്കെതിരെ കനത്ത ആക്രമണമാണ് ഇറാന്‍ തുടരുന്നത്. ഇതിനിടെ ഹെലികോപ്റ്റര്‍ ഇറാന്‍ വീഴ്ത്തിയതാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും യുദ്ധവുമായി ഇതിന് ബന്ധമില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു.
തിരച്ചിലിനായി മാരിടൈം സെര്‍ച്ച് ആന്‍റ് റെസ്ക്യു ടീമിനൊപ്പം ഖത്തര്‍ ഇന്‍റര്‍നാഷനല്‍ സെര്‍ച്ച് ആന്‍റ് റെസ്ക്യു ഗ്രൂപ്പും രംഗത്തുണ്ടെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28ന് ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചതോടെയാണ് യുഎസ് സൈനികത്താവളങ്ങള്‍ ഉള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി ആരംഭിച്ചത്. ഖത്തറിലെ അല്‍ ഉദെയ്ദ് ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണം ഉണ്ടായി. ഖത്തറിലെ മറ്റ് യുഎസ് സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടും ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
ഇറാന്‍റെ സൗത്ത് പാര്‍സ് ഇസ്രയേല്‍ ആക്രമിച്ചതിന് തിരിച്ചടിയായി ഖത്തറിലെ റാസ് ലഫാന്‍ ഇറാന്‍ ആക്രമിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക വിതരണ കേന്ദ്രമാണ് റാസ് ലഫാനിലുള്ളത്. ഇറാന്‍റെ ആക്രമണത്തില്‍ നികത്താനാവാത്ത നഷ്ടം നേരിട്ടുവെന്നും പൂര്‍വസ്ഥിതിയിലാകാന്‍ അഞ്ച് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് ഖത്തര്‍ പ്രതികരിച്ചത്.