First responders inspect the site of an Iranian missile strike in Arad early on March 22, 2026. Iranian missile strikes on two southern Israeli towns wounded more than 100 people on March 21, medics said, after Israeli air defence systems failed to intercept the projectiles. (Photo by Ilia YEFIMOVICH / AFP) /
തെക്കന്‍ ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ തടുക്കാനാകാതെ വ്യോമപ്രതിരോധ സംവിധാനം. ആരാഡ്, ഡിമോണ എന്നീ രണ്ട് നഗരങ്ങളിലെ ഇറാന്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ രണ്ടാം തവണയാണ് ഇറാനിയൻ മിസൈലുകൾ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലേക്ക് തുളച്ചുകയറിയത്. രണ്ടിടത്തും മിസൈലുകളെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സാധിച്ചില്ലെന്നതാണ് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടിയത്.
അപരിചിതമായ മിസൈലുകളല്ല ഇറാന്‍ പ്രയോഗിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. നൂറുകണക്കിന് കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാന്‍ സാധിക്കുന്ന സാധാരണ പോര്‍മുനയാണ് മിസൈലുകളിൽ ഉണ്ടായിരുന്നതെന്നാണ് കരുതപ്പെടുന്നത്. ഇറാന്‍റെ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലി വ്യോമ പ്രതിരോധത്തെ മറികടന്നതെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയയെ 4,000 കിലോമീറ്റര്‍ അകലെ നിന്ന് ഇറാന്‍ ലക്ഷ്യമിട്ടിരുന്നു.
ഡിമോണലും ആരാഡിലും ഇറാന്‍ പ്രയോഗിച്ച മിസൈലുകള്‍ ഏതെന്ന് ഐ.ഡി.എഫ് അന്വേഷിക്കും. രണ്ടിടത്തും മിസൈലുകളുടെ ലക്ഷ്യസ്ഥാനം കൃത്യമായിരുന്നു. നേരത്തെ മേഖലയില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച ഇമാദ് മോഡല്‍ മിസൈലായിരിക്കാം എന്നാണ് ഇസ്രയേലിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 2024 ഏപ്രിലില്‍ നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍റെ മിസൈല്‍ പതിച്ചിരുന്നു. അതേസമയം രണ്ട് മിസൈലുകളിലും പോര്‍മുന സാധാരണ വലുപ്പത്തിലുള്ളതാണെന്നാണ് ആദ്യ നിഗമനം. ആരാഡില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചെങ്കിലും മിസൈലുകളെ തടയാന്‍ സാധിച്ചില്ലെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സൈന്യം അന്വേഷണം നടത്തുന്നുണ്ടെന്നും സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു.
ഇസ്രയേലിന്‍റെ ആകാശത്ത് തങ്ങള്‍ ആധിപത്യം സ്ഥാപിക്കുകയാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ പ്രതികരണം. വരാനിക്കുന്ന ദിവസങ്ങളില്‍ ആക്രമങ്ങളുടെ തിരമാല ഉണ്ടാകുമെന്നും ഇത് യുഎസിനെയും ഇസ്രയേലിനെയും അമ്പരിപ്പിക്കുമെന്നും ഐആര്‍ജിസി എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ തലവൻ മേജർ ജനറൽ സയ്യിദ് മജിദ് മൂസവി പറഞ്ഞു. നതാന്‍സിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെ ആക്രമിച്ചതിനുള്ള തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡിമോണയിലും ആരാഡിലുമുള്ള ഇസ്രയേലിലെ ആണവ ഗവേഷണ കേന്ദ്രങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്.
അയേണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനത്തെ പറ്റിയുള്ള വിവരങ്ങള്‍ ഇറാന് ചോര്‍ത്തി നല്‍കിയതിന് ഈയിടെ റിസര്‍വ് സൈനികനെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അയേണ്‍ ഡോമില്‍ സേവനമനുഷ്ടിച്ച ആർമി റിസർവ് സൈനികനായിരുന്ന റാസ് കോഹൻ എന്ന 26 കാരനെയാണ് ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അയൺ ഡോം എങ്ങനെ പ്രവർത്തിക്കുന്നു, ഇസ്രായേലി വ്യോമസേനാ താവളങ്ങളുടെ സ്ഥാനങ്ങൾ, അയൺ ഡോം ബാറ്ററികളുടെ സ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇയാള്‍ കൈമാറിയത്.