ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ ആലോചനയെന്ന് യുഎസ്. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അടുത്തെത്തിയെന്നും ഡോണള്‍ഡ് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും. അതുപയോഗിക്കുന്നവര്‍ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്.
ഇറാന്റെ തീവ്രവാദ ഭരണകൂടവുമായി ബന്ധപ്പെട്ട് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അമേരിക്ക വളരെ അടുത്തെത്തിക്കഴിഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. അതിനാല്‍ പശ്ചിമേഷ്യേയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് പരിഗണനയിലാണ്. അതിനാല്‍ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഇനി അതിനെ ആവശ്യാനുസരണം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ആവശ്യപ്പെട്ടാൽ, ഈ രാജ്യങ്ങളെ തങ്ങൾ സഹായിക്കുമെന്നും എന്നാല്‍ ഇറാന്റെ ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞാൽ അത് ആവശ്യമായി വരരുതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഹോർമുസിനെ ലക്ഷ്യമിടുന്ന ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ യുഎസിന് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ യു.കെ അനുമതി നൽകിയിരുന്നു. എന്നാല്‍ യുകെയുടെ തീരുമാനം വളരെ വൈകിപ്പോയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അവർ തങ്ങളുടെ ആദ്യ സഖ്യകക്ഷിയായിരുന്നു. ബന്ധം വളരെ നല്ലതാണെന്നും പക്ഷേ ഇത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. ചാഗോസ് ദ്വീപുകളുടെ ഭാഗമായ ഡീഗോ ഗാർസിയയുടെ പരമാധികാരം യുകെ മൗറീഷ്യസിന് വിട്ടുകൊടുത്തിരുന്നെങ്കിലും സേനാ താവളങ്ങള്‍ പിന്നീട് പാട്ടത്തിനെടുത്തിരുന്നു.
അതേസമയം ഇറാനിയൻ കേന്ദ്രങ്ങൾ ആക്രമിക്കാനായി തങ്ങളുടെ സേനാ താവളങ്ങള്‍ ഉപയോഗിക്കാന്‍ യു.എസിന് അനുമതി നല്‍കിയ യു.കെ. നടപടി അപകടകരമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ബ്രിട്ടീഷ് ജീവനുകളെ കിയ സ്റ്റാമർ അപകടത്തിലാക്കുകയാണെന്ന് അബ്ബാസ് അരാഗ്ചി ആരോപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാന്‍ പ്രയോഗിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ഇസ്രായേൽ-യുഎസ് യുദ്ധത്തില്‍ ഭാഗമാകാന്‍ ഭൂരിഭാഗം ബ്രിട്ടീഷ് ജനതയും ആഗ്രഹിക്കുന്നില്ലെന്നും അബ്ബാസ് എക്സില്‍ കുറിച്ചു.
യു.എ.ഇ, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിൽ കൂടുതല്‍ മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ആറ് ഡ്രോണുകൾ പ്രതിരോധിച്ചതായി സൗദി അവകാശപ്പെട്ടു. നഗരത്തില്‍ കേട്ട ശബ്ദങ്ങൾ വിജയകരമായ വ്യോമ പ്രതിരോധ ഇടപെടലുകളുടെ ഫലമാണെന്ന് ദുബായും വ്യക്തമാക്കി. ഡ്രോൺ ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് കുവൈത്തും അറിയിച്ചു. കിഴക്കൻ ജറുസലേമിലെ പഴയ നഗരത്തിന്റെ അരികിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ലെബനൻ തലസ്ഥാനത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾക്കായി ഇസ്രയേല്‍ സൈന്യം പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം എണ്ണവില ഉയർന്നതോടെ യുഎസ് ഓഹരി വിപണിയില്‍ ഇടിവ് തുടര്‍ന്നു. മൂന്ന് പ്രധാന സൂചികകളും തുടർച്ചയായ നാലാമത്തെ ആഴ്ചയും നഷ്ടം രേഖപ്പെടുത്തി.