Cargo ships in the Gulf, near the Strait of Hormuz. FILE PHOTO
ഹോര്‍മുസിലൂടെ തിരഞ്ഞെടുത്ത കപ്പലുകള്‍ക്ക് കടന്നു പോകാന്‍ ഇറാന്റെ പുതിയ കപ്പല്‍ പാത. പ്രാദേശിക ജലാതിര്‍ത്തിക്കുള്ളിലൂടെയുള്ള റൂട്ടാണ് സുരക്ഷിത കപ്പൽ പാതയായി ഇറാന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇറാന്‍ അധികൃതരില്‍ നിന്നും അനുമതി ലഭിച്ച കപ്പലുകള്‍ക്ക് മാത്രം കടന്നു പോകാനുള്ള ഇടനാഴിയാണിത്. ഹോര്‍മുസ് പൂര്‍ണമായും തുറക്കുന്നതിന് പകരം നിയന്ത്രിതമായ ബദല്‍ മാര്‍ഗമാണ് ഇറാന്‍ ഉപയോഗിക്കുന്നത്.
നിലവിലെ ക്രമീകരണം പ്രകാരം, കപ്പലുകൾ ഇടനാഴിയിൽ പ്രവേശിക്കുന്നതിന് മുന്‍പ് പരിശോധനകളുണ്ടാകും. കപ്പലുകളുടെ ഉടമസ്ഥാവകാശ വിവരം, ചരക്കുകളുടെ വിവരം, ലക്ഷ്യസ്ഥാനം എന്നിവ ഇടനിലക്കാർ വഴി മുന്‍കൂട്ടി അറിയിക്കണം. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സാണ് ഈ ഇടനാഴി നിയന്ത്രിക്കുന്നത്. ഈ പാതയിലൂടെ കടന്നുപോകാൻ അനുമതി തേടുന്ന കപ്പലുകൾക്കായി പ്രത്യേകം രജിസ്ട്രേഷന്‍ സംവിധാനവും വികസിപ്പിക്കുകയാണ്.
ഒന്‍പത് കപ്പലെങ്കിലും ഇതുവഴി ഇതുവരെ കടന്നു പോയെന്നാണ് വിവരം. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പാചകവാതകം എത്തിച്ച ഇന്ത്യയുടെ ഗ്യാസ് ടാങ്കറുകളായ ശിവാലിക്, നന്ദ ദേവി, ജഗ് ലാഡ്കി എന്നിവ ഹോര്‍മുസ് കടന്നത് ഇതുവഴിയാണ്. കപ്പലുകളുടെ യാത്ര വിവരങ്ങള്‍ സൂപ്പിക്കുന്നത് പ്രകാരം ഒമാന്‍റെ ജലാതിര്‍ത്തിയിലൂടെയുള്ള ദൂരം കുറഞ്ഞ പാത ഒഴിവാക്കി ഇറാന്‍റെ മേല്‍നോട്ടത്തിലുള്ള പ്രദേശിക ജലാതിര്‍ത്തിയിലൂടെയാണ് കപ്പലുകള്‍ സഞ്ചരിക്കുന്നത്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഫീസ് ഈടാക്കാനുള്ള നിർദ്ദേശം ഇറാൻ പരിഗണിക്കുന്നുണ്ടെന്ന് നിയമസഭാംഗം വ്യക്തമാക്കി. കപ്പൽ ഗതാഗതം, ഇന്ധന കൈമാറ്റം, ഭക്ഷ്യവിതരണം എന്നിവയ്ക്കായി ഹോര്‍മുസ് ഉപയോഗിക്കുന്ന രാജ്യങ്ങളിൽനിന്ന് ടോൾ ഈടാക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം അവസാനിക്കുന്നതോടെ ഹോർമുസ് കടലിടുക്കിൽ പുതിയ നിയമങ്ങൾ നിലവിൽവരുമെന്നും ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.