Image Credit: X/AFP
ആഗോള ഇന്ധന വിപണിയെ ഞെട്ടിച്ച് ഖത്തറിലെ റാസ് ലഫാനില്‍ വന്‍ മിസൈല്‍ ആക്രമണവുമായി ഇറാന്‍. പ്രതിരോധത്തലവന്‍ അലി ലാരിജാനിയെ വധിച്ചതില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നടുക്കുന്ന ആക്രമം ഉണ്ടായത്. 'നിലത്ത് വീഴുന്ന ഓരോ തുള്ളിച്ചോരയ്ക്കും വിലയുണ്ടെന്നും അമേരിക്കയും ഇസ്രയേലും ആ വില നല്‍കേണ്ടി വരു'മെന്നുമായിരുന്നു മുജ്തബ ഖമനയിയുടെ വാക്കുകള്‍. 'ഇസ്ലാമിക സംവിധാനമെന്ന വൃക്ഷത്തിന് ചുവട്ടില്‍ ചിന്തേണ്ടിവന്ന ലാരിജാനിയുടെ രക്തം ഊര്‍ജം പകരുമെന്നും കുറ്റവാളികള്‍ ചൊരിഞ്ഞ രക്തത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും മുജ്തബ മുന്നറിയിപ്പ് നല്‍കി. ഇതിന് തൊട്ടുപിന്നാലെയാണ് ഖത്തറിലെ സുപ്രധാന ഇന്ധന കേന്ദ്രമായ റാസ് ലഫാന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇത് മധ്യപൂര്‍വദേശത്തും ഊര്‍ജ വിപണിയിലും വലിയ ഭീതിയാണ് വിതച്ചിരിക്കുന്നത്.
നാളിന്ന് വരെ ഇസ്രയേലിനും യുഎസ് വ്യോമത്താവളങ്ങള്‍ക്കും നേരെ മാത്രമാണ് ഇറാന്‍ ആക്രമണം നടത്തി വന്നത്. എന്നാല്‍ പാര്‍സിലെ ഇന്ധന കേന്ദ്രത്തിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്‍ നിലപാട് മാറ്റുകയായിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളോട് ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും വലിയ വില നല്‍കേണ്ടിവരുമെന്നും ഇറാന്‍ തുറന്നടിച്ചിരുന്നു. റാസ് ലഫാന് പുറമെ ജുബെയ്ല്‍ പെട്രോ കെമിക്കല്‍ കോംപ്ലക്സ്, അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ്, മെസായിദ് പെട്രോകെമിക്കല്‍ കോംപ്ലക്സ് എന്നിവിടങ്ങളും ആക്രമിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഗള്‍ഫ് രാജ്യങ്ങളെ വല്ലാത്ത പ്രതിസന്ധിയിലേക്കാകും തള്ളിയിടുക.
റാസ് ലഫാനില്‍ വലിയ തീപിടിത്തമുണ്ടായെന്നും നികത്താനാവാത്ത നാശനഷ്ടം സംഭവിച്ചുവെന്നും ഖത്തര്‍ വ്യക്തമാക്കി. അടിയന്തര സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതോടെയാണ് വന്‍ദുരന്തം ഒഴിവായത്. ലോകത്തെ തന്നെ തന്ത്രപ്രധാന എല്‍എന്‍ജി ഹബ്ബാണിവിടം. അതേസമയം, മിസൈല്‍ ആക്രമണത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. അങ്ങേയറ്റം ക്രൂരമായ നടപടിയാണ് ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായെന്ന് തുറന്നടിച്ച ഖത്തര്‍, ആക്രമണത്തെ അപലപിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഖത്തറിന്‍റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണിതെന്നും രാജ്യാന്തര സമാധാനത്തിന് തന്നെ ഭീഷണിയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. പിന്നാലെ ഇറാന്‍റെ മിലിറ്ററി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ, മറ്റ് രണ്ട് സ്റ്റാഫുകള്‍ എന്നിവരെ ഖത്തര്‍ പുറത്താക്കി. 24 മണിക്കൂറിനകം ഇവരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ഗ്യാസ് ഫീല്‍ഡാണ് സൗത്ത് പാര്‍സിലേത്. ഇറാനിലെ ഗാര്‍ഹികാവശ്യത്തിനുള്ള വാതകത്തിന്‍റെ 70 ശതമാനവും ഇവിടെ നിന്നായിരുന്നു. അത്തരമൊരു തന്ത്രപ്രധാന സ്ഥലത്ത് ആക്രമണം നടത്തുക വഴി ഇറാന്‍റെ സമ്പദ് വ്യവസ്ഥയെയും ഊര്‍ജവിതരണ ശൃംഖലയെയും കയറ്റുമതി രംഗത്തെയുമാണ് അമേരിക്കയും ഇസ്രയേലും ആക്രമിച്ചത്. വലിയ പ്രത്യാഘാതങ്ങള്‍ ഇതിനുണ്ടായേക്കുമെന്ന് യുഎഇ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഖത്തറിനെതിരെ ഇനിയും ആക്രമണത്തിന് തുനിഞ്ഞാല്‍ പാര്‍സ് ബാക്കിയുണ്ടാവില്ലെന്നും ഇറാന്‍റെ ഊര്‍ജ കേന്ദ്രങ്ങളെ തീര്‍ത്ത് കളയുമെന്നുമായിരുന്നു ട്രംപിന്‍റെ ഭീഷണി.' സൗത്ത് പാര്‍സില്‍ ഇനി ഇസ്രയേല്‍ ആക്രമണം നടത്തില്ല പക്ഷേ ഖത്തറിനെതിരെ ഇനിയും ഇറാന്‍ ആക്രമണം നടത്തിയാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ഇറാന്‍ നേരിടേണ്ടിവരും' എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി.