FILE PHOTO: Ali Larijani, Speaker of the Iranian Parliament, smiles during a news conference after the 129th Assembly of the Inter-Parliamentary Union in Geneva, Switzerland October 9, 2013. REUTERS/Denis Balibouse/File Photo

ഇസ്രയേലിന്‍റെ വ്യോമാക്രമണത്തില്‍ ദേശീയ സുരക്ഷാ തലവന്‍ അലി ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഒടുവില്‍ ഇറാന്‍റെ സ്ഥിരീകരണം. യുദ്ധത്തില്‍ ഖമനയിക്ക് ശേഷം ഇറാനില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ നേതാവാണ് ലാരിജാനി. ടെഹ്റാനില്‍ നടന്ന കനത്ത വ്യോമാക്രമണത്തില്‍ ലാരിജാനിയും അദ്ദേഹത്തിന്‍റെ മകനും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നും നാഷനല്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു. 'രക്തിസാക്ഷികളുടെ ആത്മാവിനൊപ്പം ധീരരക്തസാക്ഷിയായി ഡോ. അലി ലാരിജാനിയും ചേര്‍ന്നു. ഇറാന്‍റെ പുരോഗതിക്ക് വേണ്ടി ദീര്‍ഘനാളായുള്ള പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം രക്തസാക്ഷിയായത്' എന്നാണ് കൗണ്‍സിലിന്‍റെ കുറിപ്പിലുള്ളത്.

FILE - Commander of Iran's Basij paramilitary force, Gen. Gholam Reza Soleimani, gives a press conference in Tehran, Iran, Nov. 18, 2019. (AP Photo/Ebrahim Noroozi, File)

ലാരിജാനിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം ഇന്നലെ തന്നെ അവകാശപ്പെട്ടിരുന്നു. ടെഹ്റാനിലെ പര്‍ദിസ് ജില്ലയില്‍ മകളുടെ വീട്ടിലിരിക്കവേയാണ് അമേരിക്കയുടെയും ഇസ്രയേലിന്‍റെയും യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചതെന്ന് ഇറാന്‍റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ലാരിജാനിക്ക് പുറമെ ഇറാന്‍റെ അര്‍ധ സൈനിക വിഭാഗമായ ബാസിജ് യൂണിറ്റ് തലവന്‍ ജനറല്‍ ഘോലം റാസ് സുലൈമാനിയെയും കൊന്നതായും ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഗള്‍ഫിലേക്കും ഇസ്രയേലിലേക്കും ഇറാന്‍ കനത്ത മിസൈല്‍– ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

67കാരനായ ലാരിജാനി ഖമനയിയുടെ വിശ്വസ്തനും ഇറാനിലെ കരുത്തനുമെന്നാണ് അറിയപ്പെട്ടത്. ഖമനയി കൊല്ലപ്പെട്ട ശേഷം ഇറാന്‍റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനയിയെക്കാള്‍ ജനങ്ങളോട് ഇടപെട്ടതും അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പ്രതികരിച്ചതും ലാരിജാനിയായിരുന്നു. ഇറാന്‍–ഇറാഖ് യുദ്ധകാലത്ത് റവല്യൂഷനറി ഗാര്‍ഡിന്‍റെ കമാന്‍ഡറായിരുന്നു അദ്ദേഹം. ഇറാന്‍ പാര്‍ലമെന്‍റ് സ്പീക്കറായും നയതന്ത്രജ്ഞനായും പേരെടുത്ത ലാരിജാനി യുഎസുമായുള്ള ആണവ ചര്‍ച്ചയില്‍ ഇറാന്‍റെ നയം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തിരുന്നു.

ലാരിജാനിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ട് മിനിറ്റുകള്‍ക്കകം ലാരിജാനിയുടെ എക്സ് അക്കൗണ്ടില്‍ നിന്ന് യുഎസ് അന്തര്‍വാഹിനി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍റെ നാവികര്‍ക്കുള്ള ആദരാഞ്ജലികള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഖുദ്സ് റാലിയിലാണ് ലാരിജാനി ഒടുവിലായി ജനങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ലാരിജാനിക്കൊപ്പം ഘോലം റാസ സുലൈമാനിയുടെ മരണവും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ സ്ഥിരീകരിച്ചു. ഇരുവരുടെയും സംസ്കാരച്ചടങ്ങളുകള്‍ മധ്യ ടെഹ്റാനില്‍ ഇന്ന് നടക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.

അതിനിടെ ലാരിജാനിക്ക് പിന്നാലെ മുജ്തബ ഖമനയിയെയും തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് ഐഡിഎഫ് വക്താവ് ഭീഷണി മുഴക്കി. 'മുജ്തബ എവിടെയുണ്ടെന്ന് ‍ഞങ്ങള്‍ക്ക് അറിയില്ല. കണ്ടിട്ടുമില്ല. പക്ഷേ ഒന്നുറപ്പാണ്, ഞങ്ങള്‍ കണ്ടെത്തും തീര്‍ത്തുകളയും' എന്നായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍റെ വാക്കുകള്‍.

ENGLISH SUMMARY:

Iran's Supreme National Security Council has confirmed the martyrdom of Ali Larijani following an Israeli airstrike in Tehran's Pardis district. Larijani, a top aide to the late Ayatollah Ali Khamenei, was killed alongside his son and staff. Israel has also claimed the elimination of Basij chief Gholamreza Soleimani and issued a stern warning to Iran's new Supreme Leader, Mojtaba Khamenei. Tensions escalate as Iran launches retaliatory drone and missile attacks.

Google Trending Topic: ali larijani