Image Credit: Reuters
ഇറാഖില്‍ അമേരിക്കന്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍ നടത്തിയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. തീ പിടിച്ച കപ്പലില്‍ നിന്നും 38 പേരെ രക്ഷപെടുത്തി. അമേരിക്കന്‍ കമ്പനിയായ സേഫ്സീ ട്രാന്‍സ്പോര്‍ട്ടിന്‍റെ സേഫ്സീ വിഷ്ണുവെന്ന കപ്പലിലാണ് ഇന്ത്യക്കാരന്‍ ഉണ്ടായിരുന്നത്. ഇതിനൊപ്പം ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള മാള്‍ട്ട കൊടി വച്ച സെഫിറോസ് എന്ന കപ്പലിനും ഇറാന്‍ തീയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ഇറാന്‍റെ ചാവേര്‍ ബോട്ട് കപ്പലുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് സിഎന്‍എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഹോര്‍മുസില്‍ കിടന്ന മൂന്ന് വിദേശ കപ്പലുകളെങ്കിലും അജ്ഞാത ആയുധം ഉപയോഗിച്ച് ഇറാന്‍ തീയ്ക്കിരയാക്കിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. യുഎഇയില്‍ നിന്നെത്തിയ കപ്പലും ഒമാന്‍റെ വടക്കന്‍ തീരത്തുണ്ടായിരുന്ന കപ്പലും വടക്കുപടിഞ്ഞാറന്‍ ദുബായ് തീരത്തായുണ്ടായ കപ്പലുമാണ് ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് വ്യക്തമാക്കുന്നു.
ഹോര്‍മുസിലൂടെ കയ്യൂക്ക് കാണിച്ച് കടക്കാന്‍ നോക്കിയാല്‍ കത്തിച്ച് ചാമ്പലാക്കിക്കളയുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ഇറാന്‍ അനുവദിക്കുന്ന കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസിലൂടെ സഞ്ചരിക്കുന്നത്. പുലര്‍ച്ചെ രണ്ട് ഇന്ത്യന്‍ കപ്പലുകളെ കടത്തിവിട്ടിരുന്നു.
അതിനിടെ യുഎസ് സൈന്യം ഇറാന്‍റെ 16 മൈന്‍ നിറച്ച കപ്പലുകള്‍ തകര്‍ത്തുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പന്ത്രണ്ടാം ദിവസവും യുദ്ധം അവസാനിക്കുന്ന സൂചനയില്ലെന്നാണ് ഇറാന്‍റെ കനത്ത ആക്രമണത്തില്‍ നിന്നും വ്യക്തമാകുന്നത്.
55 കിലോമീറ്റര്‍ വീതിയുള്ള ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുന്നതോടെ ലോകം മുഴുവന്‍ പ്രതിസന്ധിയിലാകും. പ്രതിദിനം 13 മില്യണ്‍ ബാരല്‍ ഇന്ധനമാണ് ഹോര്‍മുസ് വഴി കടന്നുപോയിക്കൊണ്ടിരുന്നത്. ഇറാന്‍ കടുത്ത നിലപാടെടുത്താല്‍ ലോകരാജ്യങ്ങള്‍ ഇന്ധനത്തിന് ബുദ്ധിമുട്ടും. ഇത് ക്രമേണെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാന്‍ ഇടയാക്കും. സംസ്ഥാനത്തുള്‍പ്പടെ രാജ്യത്ത് പലഭാഗങ്ങളിലും ഇതിനകം എല്‍പിജി ലഭ്യതക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഹോട്ടലുകളടക്കം കനത്ത പ്രതിസന്ധിയിലാണ്. സൈനികാഭ്യാസത്തിന് മണിക്കൂറുകള്‍ മാത്രം ഇറാന്‍ ഹോര്‍മുസ് ഫെബ്രുവരിയില്‍ അടച്ചതോടെ ആറു ശതമാനമായിരുന്നു ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്. നിലവിെല സ്ഥിതി തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ ബാരലിന് 200 ഡോളര്‍ കടക്കുെമന്നാണ് വിലയിരുത്തല്‍.