FILE PHOTO: Iran’s new supreme leader, Mojtaba Khamenei, the second son of late Iran's Supreme Leader Ayatollah Ali Khamenei, meets with the late Iranian military commander General Qassem Soleimani during a meeting in Tehran, Iran, September 14, 2013. Mehdi Ghasemi/ISNA/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY/File Photo
ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനയിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാലു ദിവസമായി പുറത്തുവരുന്നുണ്ടെങ്കിലും മൊജ്തബയെവിടെ എന്നാണ് അനുകൂലികള്‍ അല്ലാത്തവര്‍ ഉയര്‍ത്തുന്ന ചോദ്യം. പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൊജ്തബയുടെ സാന്നിധ്യം ഇതുവരെ എവിടേയുമില്ലാത്തത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുയാണ്.
മൊജ്തബ തന്‍റെ അനുനായികളുടെ കൂടെയോ പൊതുവേദികളിലോ പ്രത്യക്ഷപ്പെടാത്തതാണ് ഈ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും കാരണമായിരിക്കുന്നത്. മൊജ്തബയുടെ പേരിലോ ഓഫിസിന്‍റെ പേരിലോ ഒരു പ്രസ്താവന പോലും പുറത്തിറങ്ങിയില്ലായെന്നതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. സ്ഥാനമേറ്റ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വിഡിയോയോ സന്ദേശങ്ങളോ ഒന്നും തന്നെ പുറത്തുവരാത്തതും നിഗൂഢത ഏറ്റുന്നതാണെന്നാണ് സൂചന.
മൊജ്തബയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കുള്‍പ്പെടെ ഇറാന്‍ സ്റ്റേറ്റ് മീഡിയ പഴയ ആര്‍ക്കൈവ് ദൃശ്യങ്ങളാണ് ഉപയോഗിക്കുന്നത്. യുദ്ധത്തില്‍ പരുക്കേറ്റതാവാം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തതിന് കാരണമെങ്കിലും മൊജ്തബയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
അതേസമയം പരമോന്നത നേതാവായി പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ ചില ചടങ്ങുകള്‍ക്ക് ശേഷമേ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുകയുള്ളൂവെന്നാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞത്. യുഎസ്– ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ അദ്ദേഹത്തിന് പരുക്കേറ്റതായാണ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ജാന്‍ബാസ്’എന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. റമദാന്‍ മാസത്തില്‍ ശത്രുവിനാല്‍ മുറിവേല്‍ക്കപ്പെട്ട യുദ്ധവീരന്‍ എന്നാണ് ഈ വാക്കിന്‍റെ അര്‍ഥം.
ഇതിനിടെ ടെഹ്റാനില്‍ മൊജ്തബ അനുകൂലികളുടെ നേതൃത്വത്തില്‍ വമ്പന്‍ റാലിയും സംഘടിപ്പിച്ചിരുന്നു. ഇറാനില്‍ പുതിയ പരമോന്നത നേതാവാകണമെങ്കില്‍ തന്‍റെ അനുമതി വേണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെയും മൊജ്തബ അനുകൂലികള്‍ രംഗത്തെത്തി. ഇറാന്‍റെ പരമോന്നത നേതാവാകാന്‍ ഇറാനിയന്‍ ജനതയുടെ അനുമതി മാത്രം മതിയെന്നാണ് ഇവരുടെ പ്രതികരണം.