ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാകുകയാണെങ്കില്‍ അതു വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന് പണ്ടുമുതലേ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്രത്തോളം ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് വെള്ളം. അതിന്‍റെ വില ഗൾഫ് രാജ്യങ്ങള്‍ക്ക് നന്നായി അറിയുകയും ചെയ്യാം. അവിടെയാണ് ഇറാന്‍റെ പുതിയ ഭീഷണി ആശങ്കയുയര്‍ത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഡീസലൈനേഷൻ പ്ലാന്‍റുകള്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണങ്ങളാണ് ആശങ്കയുയര്‍ത്തുന്നത്. മിഡിൽ ഈസ്റ്റിൽ ശുദ്ധജലത്തിന്റെ അഭാവം മൂലം ഉപ്പുവെള്ളം ശുദ്ധീകരിക്കാനാണ് ഡീസലൈനേഷൻ പ്ലാന്‍റുകള്‍ ഉപയോഗിക്കുന്നത്.
യുഎസ് ആക്രമണം ഹോർമുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ദ്വീപിലെ ഒരു ഡീസലൈനേഷൻ പ്ലാന്റിന് കേടുപാടുകൾ വരുത്തിയെന്ന ഇറാനിയന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി ആരോപണങ്ങളിലാണ് തുടക്കം. ഇതോടെ 30 ഗ്രാമങ്ങളിലേക്കുള്ള ജല വിതരണം നിലച്ചുവെന്നും യുഎസ്സിന്‍റേത് നഗ്നമായ കുറ്റകൃത്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരു തെക്കൻ അയൽരാജ്യമാണ് വ്യോമതാവളം ഒരുക്കി ആക്രമണത്തിന് സൗകര്യമൊരുക്കിയതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കര്‍ കൂടി പറയുകയും ചെയ്തു. എന്നാല്‍ അമേരിക്കയും ഇസ്രയേലും ഈ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. ഡീസലൈനേഷൻ പ്ലാന്റുകളെ കുറിത്ത് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
തൊട്ടുപിന്നാലെയാണ് ഞായറാഴ്ച ഇറാന്‍റെ ആക്രമണമുണ്ടായത്. ഇറാന്‍റെ ഡ്രോൺ ഒരു പ്രാദേശിക ജലശുദ്ധീകരണ പ്ലാന്റിന് കാര്യമായ നാശനഷ്ടമുണ്ടാക്കി എന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ വിവേചനരഹിതമായി ആക്രമിച്ചതായാണ് ആരോപണം. കൂടാതെ മാര്‍ച്ച് രണ്ടിന് ദുബായിലെ ജബൽ അലി തുറമുഖത്തിലെ ഡീസലൈനേഷൻ സമുച്ചയത്തിൽ നിന്ന് വെറും 12 മൈൽ അകലെ ഇറാന്‍റെ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഡീസലൈനേഷൻ പ്ലാന്റുകളെ തന്നെ ലക്ഷ്യമിട്ടായിരുന്നോ ഈ ആക്രമണമെന്ന് വ്യക്തമല്ല.
അമേരിക്ക– ഇസ്രയേൽ– ഇറാൻ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് എണ്ണ– ഇന്ധന വ്യവസായത്തിലേക്കാണ്. എന്നാല്‍ ഈ യുദ്ധത്തിന്‍റെ യഥാർഥ നഷ്ടം പെട്രോളിയം ഉല്‍പാദനകേന്ദ്രങ്ങള്‍ക്ക് മാത്രമായിരിക്കില്ല മറിച്ച് മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളെ വാസയോഗ്യമാക്കി നിലനിർത്തുന്ന ഡീസലൈനേഷൻ പ്ലാന്റുകളായിരിക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 400-ലധികം ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകൾ ഗൾഫിലുണ്ട്. ഇത് ലോകത്തിലെ തന്നെ ഉപ്പുവെള്ള ശുദ്ധീകരണ ശേഷിയുടെ 60 ശതമാനമാണ്.
യുഎഇയിലെ കുടിവെള്ളത്തിന്‍റെ ഏകദേശം 42 ശതമാനവും ഡീസലൈനേഷൻ പ്ലാന്റുകളിൽ നിന്നാണ് വരുന്നത്. കുവൈത്തിൽ 90 ശതമാനവും ഒമാനിൽ 86 ശതമാനവും സൗദി അറേബ്യയിൽ 70 ശതമാനവുമാണ് ഈ കണക്ക്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഡീസലൈനേഷൻ ചെയ്ത വെള്ളമാണ് സൗദി അറേബ്യ ഉത്പാദിപ്പിക്കുന്നത്. അതേസമയം, തീരദേശ ജലശുദ്ധീകരണത്തേക്കാൾ ഉൾനാടൻ അണക്കെട്ടുകളെയും ജലാശയങ്ങളെയും ഇറാൻ കൂടുതൽ ആശ്രയിക്കുന്നതിനാൽ ഇറാന് ഈ ഭീഷണി നിലവില്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ നേട്ടവും ദുർബലതയുമാണ് ഈ ഉപ്പുവെള്ള ശുദ്ധീകരണം. അതുകൊണ്ടുതന്നെ ഡീസലൈനേഷൻ പ്ലാന്റുകളെ ലക്ഷ്യം വയ്ക്കുന്നത് ജനങ്ങള്‍ക്കു നേരെയുള്ള അക്രമമായിട്ടാണ് വിദഗ്ദര്‍ കണക്കാക്കുന്നത്.