Image credit: Reuters
മധ്യപൂര്‍വ ദേശത്തെ യുഎസ് വ്യോമത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വീണ്ടും ആക്രമണം തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ദോഹയിലും ബഹ്റൈനിലുമാണ് വീണ്ടും ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദോഹയില്‍ വിവിധയിടങ്ങളില്‍ വീണ്ടും സ്ഫോടനമുണ്ടായതായാണ് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും എക്സില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഇറാന്‍റെ ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിച്ചെന്ന് ഖത്തര്‍ അറിയിച്ചു. ഇറാന്‍ തൊടുത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് എട്ടുപേര്‍ക്ക് പരുക്കേറ്റുവെന്നും അതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അല്‍ മുഫ്താഫ് പറഞ്ഞതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട്ചെയ്യുന്നു. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നുവെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഖത്തറിനെ ലക്ഷ്യമാക്കി ഇതിനകം 44 മിസൈലുകളും എട്ട് ഡ്രോണുകളും എത്തിയതായി റോയിറ്റേഴ്സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും ഖത്തര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ബഹ്റൈനിലെ ജനവാസ മേഖലകളിലും വീണ്ടും ഇറാന്‍റെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ജനവാസ മേഖലകളിലാണ് നിലവില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. സിറ്റി സെന്‍റര്‍ മാളിലടക്കം ആക്രമണമുണ്ടായതായി മലയാളികള്‍ മനോരമ ന്യൂസിനോട് വിശദീകരിച്ചു.
അതേസമയം, അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഖമനയി ജീവനോടെയില്ലെന്ന് കേള്‍ക്കുന്നുവല്ലോ എന്ന ചോദ്യത്തിന് 'അത് വസ്തുതയാണെന്ന് താന്‍ വിശ്വസിക്കുന്നു' എന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഖമനയിയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ട്രംപിനെയും നെതന്യാഹുവിനെയും കാണിച്ചുവെന്ന് ഇസ്രയേലി ഉദ്യോഗസ്ഥന്‍ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തിയിരുന്നു.