ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട വാർത്ത വായിക്കുന്നതിനിടെ കരച്ചിലടക്കാനാകാതെ ഇറാനിയൻ സ്റ്റേറ്റ് ടിവിയായ പ്രസ് ടിവിയുടെ അവതാരക മറിയം അസർചെഹ്ർ. 'ഒരു തിരിച്ചടി വരുന്നുണ്ട്. അവർ ചെയ്തതിന്റെ ഫലം അവർ കാണും' വിതുമ്പി മറിയം വായിച്ചു. ഇതിന്റെ വിഡിയോ സൈബറിടത്ത് വൈറലാണ്.
'ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരില്‍ ഒരാള്‍, മരിച്ചു എന്നാണ് നേരത്തേ ട്രംപ് കുറിച്ചത്. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതിയാണെന്നും ഇറാന് മാത്രമല്ല ഖമനയിയുടെയും ഇറാന്‍റെയും രക്തദാഹത്തിനിടെ ജീവന്‍ നഷ്ടമായ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുമുള്ള നീതി നടപ്പാക്കലാണെന്നും ട്രംപ് വ്യക്തമാക്കി. ഖമനയി ജീവനോടെ ഇല്ലെന്ന് ബെന്യമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. റവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് ഉന്നതരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴു ദിവസം പൊതുഅവധിയാണ്. എന്നാല്‍ മരണത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ഇറാനെ പിന്തുണച്ച് പാക്കിസ്ഥാന്‍റെ വിവിധ മേഖലകളില്‍ പ്രതിഷേധം അരങ്ങേറി. കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 10പേര്‍ കൊല്ലപ്പെട്ടു. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചുകയറി.