ആയത്തുല്ല അലി ഖമനയിക്കു ശേഷം ആര്? മകനോ അതോ മറ്റുള്ള ആരെങ്കിലുമോ?നിരന്തര ആക്രണമെന്ന് പ്രഖ്യാപിച്ച അമേരിക്ക സമാധാനപരമായ അധികാരകൈമാറ്റത്തിന് അവസരമൊരുക്കുമോ? പ്രസിഡന്റും ജുഡീഷ്യറി മേധാവിയും ഉള്‍പ്പെട്ട സമിതി ഭരണം ഏറ്റെടുത്തെങ്കിലും ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഏറെയാണ്.  

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്തബ ഖമനയി എത്തുമെന്നാണ് ആദ്യം പുറത്തുവരുന്ന സൂചനകള്‍. അമേരിക്കയേയും ഇസ്രയേലിനേയും വെറുതേവിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഖമനയിയുടെ വിശ്വസ്തനും രണ്ടാമത്തെ മകനുമായ മൊജ്തബയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി നിലവില്‍വന്നത്. നിലവില്‍ മൊജ്തബയ്ക്ക് ഇറാനില്‍ ഔദ്യോഗിക പദവികളൊന്നും ഇല്ലായിരുന്നെങ്കിലും ഇറാന്‍– ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിലുണ്ടായിരുന്ന മൊജ്തബയ്ക്ക് ഇറാാനിലെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുണ്ട്.

അതേസമയം മൊജ്തബ ഖമനയിക്ക് അടുത്ത നേതാവാകാൻ ഭരണഘടനാപരമായ തടസങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ നിയമമനുസരിച്ച് രാഷ്ട്രീയ പരിചയം അത്യാവശ്യമാണ്. മൊജ്തബയ്ക്ക് ഭരണത്തില്‍ നേരിട്ടുള്ള പങ്കില്ലെന്നതാണ് ഒരു വെല്ലുവിളി. കൂടാതെ 88 അംഗങ്ങളുള്ള ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ ആണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. 

 നേതാവിനെ നീക്കം ചെയ്യാനും ഈ സമിതിക്ക് അധികാരമുണ്ടെങ്കിലും ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. എട്ടു വർഷം കൂടുമ്പോൾ  തിരഞ്ഞെടുക്കപ്പെടുന്ന ഷിയാ പുരോഹിതരാണ് ഈ സമിതിയിലെ അംഗങ്ങൾ. പരമോന്നത നേതാവ് വരുന്നതുവരെ    എല്ലാ ചുമതലകളും താൽക്കാലിക സമിതിക്കാണ്. 

നിലവിലെ പ്രസിഡന്റ്, നീതിന്യായ മേധാവി,  ഗാർഡിയൻ കൗൺസിലിലെ ഒരംഗം എന്നിവർ ചേർന്നതാണ് ഈ സമിതി.  ഇനി പിന്‍ഗാമി ആരെന്നതാണ് ചോദ്യം. ഖമനയിയുടെ വിശ്വസ്തനും യാഥാസ്ഥിതിക നിലപാടുള്ള പ്രസിഡന്റുമായിരുന്ന ഇബ്രാഹിം റെയ്സി ആ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു മുൻപ് കരുതിയിരുന്നത്. എന്നാൽ, 2024 മേയിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. ഇതോടെ, ഖമനയിയുടെ മക്കളിലൊരാളായ 56-കാരൻ ഷിയാ പുരോഹിതൻ മൊജ്തബയ്ക്ക് സാധ്യതയേറുകയാണ്.  

എന്നാൽ, അധികാരകൈമാറ്റം പിന്തുടര്‍ച്ചാവകാശമാവുന്നത്  പുരോഹിത ഭരണത്തെ വിമർശിക്കുന്നവരില്‍ മാത്രമല്ല,   ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരിലും അതൃപ്തിക്ക് കാരണമാവാം. 1979-ൽ യുഎസ് പിന്തുണയോടെ ഭരിച്ചിരുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ രാജവംശത്തിനു ശേഷം പുതിയൊരു മതപരമായ രാജവാഴ്ച സ്ഥാപിക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടാന്‍ സാധ്യതയുണ്ട്.  ഇറാന്റെ സങ്കീർണമായ ഷിയാ മതപൗരോഹിത്യ അധികാര ഘടനയുടെ കേന്ദ്രബിന്ദുവാണ് പരമോന്നത നേതാവ്. സൈന്യത്തിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും സർവസൈന്യാധിപൻ. രാജ്യത്തിന്റെ എല്ലാ കാര്യങ്ങളിലും അന്തിമവാക്ക്.   

അതേസമയം കഴിഞ്ഞ വര്‍ഷം ഖമനയി പ്രഖ്യാപിച്ച മൂന്ന് മുതിർന്ന പുരോഹിതന്മാരുടെ പേരുകളില്‍ പിൻഗാമിയായി മൊജ്തബയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. വ്യക്തിയെന്ന നിലയില്‍ ശക്തനെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മതപരമായ കീഴ്‌വഴക്കങ്ങളും വെല്ലുവിളിയായേക്കും. 

Who Will Replace Ayatollah Khamenei?:

Iran Supreme Leader succession is a critical question following Ayatollah Khamenei's potential departure, with his son Mojtaba Khamenei being a leading contender. This transition is complex due to constitutional hurdles and the potential for public dissatisfaction with hereditary rule, even as an interim council manages affairs.