Image Credit: Reuters
ഇറാന്‍ സൈന്യത്തെ തച്ചുടയ്ക്കുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍റെ ആയുധപ്പുരകള്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുമെന്നും നേവിയെ ഉന്‍മൂലനം ചെയ്യുമെന്നുമാണ് ട്രംപിന്‍റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് 'വലിയ മരണം' ഇറാനില്‍ സംഭവിക്കുമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്. ഭരണകൂടത്തെ താഴെയിറക്കാന്‍ ഇറാന്‍ ജനത ഇറങ്ങിപ്പുറപ്പെടണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ലോകത്ത് ഇനിമേല്‍ അസ്ഥിരതയുണ്ടാക്കാന്‍,ഭീഷണി മുഴക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് പകരം ചോദിക്കുമെന്നും ട്രംപ് കുറിച്ചു. ആണവായുധം ഒരുകാലത്തും ഉണ്ടാക്കാന്‍ കഴിയാത്ത രീതിയിലേക്ക് ഇറാനെ മാറ്റുമെന്നും യുഎസ് പ്രസിഡന്‍റ് പറയുന്നു. 'ആയുധങ്ങള്‍ താഴെ വച്ചാല്‍ മാന്യമായി പരിഗണിക്കും. അല്ലെങ്കില്‍ മരണമായിരിക്കും ഫലം' എന്നായിരുന്നു ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനോട് ട്രംപിന്‍റെ പ്രഖ്യാപനം. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇറാന്‍ ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിച്ചതെന്നും അതെല്ലാം നിര്‍മൂലമാക്കാനാണ് പദ്ധതിയെന്നും ട്രംപ് പ്രഖ്യാപിച്ചു.
മൂന്നാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. ഖമനയിയുടെ ഓഫിസിന് സമീപത്തടക്കം വലിയ സ്ഫോടനങ്ങളുണ്ടായി. സ്ഫോടനത്തിന് പിന്നാലെ ഇറാന്‍ ജനതയുടെ ഫോണുകളിലേക്ക് മൊസാദിന്‍റെ എസ്എംഎസ് സന്ദേശമെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിക്കാമെന്നാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം.
ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇസ്രയേല്‍ തങ്ങളഉടെ വ്യോമപാത അടച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്‍റെ തിരിച്ചടി ഭയന്ന് ഖത്തറിലെ തങ്ങളുടെ എംബസിയില്‍ അമേരിക്ക സുരക്ഷ വര്‍ധിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.