യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ സൈനിക ആക്രമണം മധ്യപൂർവദേശത്തെ നടുക്കുന്നു. രൂക്ഷമായ ആക്രമണത്തില്‍ ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 747പേര്‍ക്കു പരുക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ യുഎസും ഇസ്രയേലുമായി ചര്‍ച്ചയ്ക്ക് തയാറെന്നു ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. യുദ്ധത്തിനു പിന്നില്‍ അമേരിക്കന്‍ താല്‍പര്യമാണെന്നും അതിന് അവര്‍ വിലനല്‍കേണ്ടിവരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ മണ്ണിലെ ഒരാളെപോലും ഇറാന്‍ ആക്രമിച്ചിട്ടില്ല. ആക്രമിക്കുന്നത് പശ്ചിമേഷ്യയിലെ യുഎസ് മിലിറ്ററി സംവിധാനങ്ങളെയാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. 

 

Also read: റോഡരികിലേക്ക് മിസൈലിന്‍റെ ഭാഗങ്ങള്‍; പരിഭ്രാന്തരായി ജനങ്ങള്‍; ഖത്തറില്‍ നിന്നും ഞെട്ടിക്കുന്ന വിഡിയോ

 

യുഎസ്, ഇസ്രയേൽ കേന്ദ്രങ്ങളെല്ലാം ആക്രമണലക്ഷ്യമെന്ന് യുഎന്നിനയച്ച് കത്തില്‍ ഇറാന്‍ സൂചിപ്പിച്ചു. യുഎസ് സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് പ്രതിരോധത്തിന്‍റെ ഭാഗമാണ്. ആക്രമണം അവസാനിക്കും വരെ പ്രതിരോധം തുടരുമെന്നും കത്തില്‍ പറയുന്നു.  യു.എന്‍ അടിയന്തര രക്ഷാസമിതി യോഗം പുലര്‍ച്ചെ 2.30ന് ചേരാന്‍ തീരുമാനമായി. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഫോണില്‍ സംസാരിച്ചു. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനെ ഇന്ത്യ ആശങ്ക അറിയിച്ചു. കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ചു. മേഖലയിലെ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. ഇസ്രയേല്‍ വിദേശകാര്യമന്ത്രിയുമായും ജയശങ്കര്‍ സംസാരിച്ചു. 

 

യുദ്ധം എവിടെ വരെ ?

 

കുവൈത്തില്‍ വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു. നേരിയ നാശനഷ്ടമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദുബായിലും ആക്രമണമുണ്ടായി. 

പാം ജുമൈറയില്‍ കെട്ടിടത്തിന് തീപിടിച്ചു . നാലുപേര്‍ക്ക് പരുക്കേറ്റെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.  ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ സിറിയയിലും അബുദബിയിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബുദബിയില്‍ പാക് പൗരന്‍ കൊല്ലപ്പെട്ടു. സിറിയയില്‍ വ്യവസായമേഖലയില്‍ നാലുപേര്‍ മരിച്ചു. ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നെന്ന് ഖ്യാതിയുണ്ടായിരുന്ന യുഎഇയിലേക്കും ഇറാന്‍റെ ബലിസ്റ്റിക് മിസൈലുകള്‍ എത്തിയതിന് പിന്നാലെ ദുബായിലെ ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒഴിപ്പിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

 

യുഎഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദിയിലെ റിയാദ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഉഗ്രശബ്ദം കേട്ടുവെന്നും മിസൈലുകള്‍ ആകാശത്ത് കൂടി പായുന്നത് കണ്ടെന്നും ദുബായിലുള്ളവര്‍ വെളിപ്പെടുത്തിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഭീകരമായ സ്ഫോടനങ്ങളായിരുന്നു. ജനാലകള്‍ കുലുങ്ങിപ്പോയി' എന്നാണ് ദൃക്സാക്ഷികളിലൊരാള്‍ വെളിപ്പെടുത്തിയത്. രണ്ടുഘട്ടമായാണ് ഇതുവരെ ആക്രമണങ്ങള്‍ നടന്നത്. അബുദാബിയില്‍ മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ വീണ് പാക്കിസ്ഥാനി പൗരന്‍ കൊല്ലപ്പെട്ടതായി നേരത്തേ യുഎഇ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. 'ഭീതിദമായ സാഹചര്യം സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയുകയുള്ളൂവെന്നും സാധാരണക്കാരുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന ഭീരുത്വം നിറഞ്ഞ നടപടികളാണിതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

ഭീകരവാദത്തിന്റെ നമ്പര്‍ വണ്‍ സ്പോണ്‍സറായ ഇറാനെ തകര്‍ക്കുമെന്ന് ഡോണള്‍ഡ് ട്രംപും ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുമെന്ന് നെതന്യാഹുവും പ്രതികരിച്ചു. ഇസ്രയേല്‍, ഇറാഖ്, ഇറാന്‍, ഖത്തര്‍ വ്യോമപാതകള്‍ അടച്ചു. ഇറാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. യുദ്ധത്തിന് എപ്പിക് ഫ്യൂറി എന്നാണ് പേരെന്ന് യുഎസും  ലയണ്‍ റോര്‍ എന്നാണ് പേരെന്ന് നെതന്യാഹുവും വ്യക്തമാക്കി

ENGLISH SUMMARY:

Iran attack has resulted in 201 deaths and 747 injuries, escalating the Middle East conflict. The situation remains volatile with ongoing geopolitical tensions and strategic military responses.