യുഎഇയിലെ അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച 'മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ് ഫണ്ടി'ലേക്ക് ദുബായ് ആസ്ഥാനമായ ജെംസ് എജ്യുക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി 10 കോടി ദിർഹം സംഭാവന നൽകി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച കാരുണ്യ പദ്ധതി, അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള സുസ്ഥിരമായ മാർഗ്ഗമാണ് വിഭാവനം ചെയ്യുന്നത്.
സണ്ണി വർക്കിയെക്കൂടാതെ എർത്ത് സായിദ് ഫിലാന്ത്രോപ്പീസ് 10 കോടി ദിർഹവും എമിറേറ്റ്സ് റെഡ് ക്രസന്റ് 5 കോടി ദിർഹവും ഇതിനകം പദ്ധതിയിലേക്ക് കൈമാറിക്കഴിഞ്ഞു. രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ പേരിൽ അറിയപ്പെടുന്ന ഫണ്ട്, ലഭിക്കുന്ന തുക വിവിധ മേഖലകളിൽ നിക്ഷേപിച്ച് അതിൽ നിന്നുള്ള ലാഭം അനാഥരുടെ ഉന്നമനത്തിനായി വിനിയോഗിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഔഖാഫ് അബുദാബിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതി, രാജ്യത്തെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം പ്രവാസി സംരംഭകരുടെ ജീവകാരുണ്യ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരം കൂടിയായി മാറുന്നു. ഇത്തരത്തിൽ സമാഹരിക്കപ്പെടുന്ന തുക കുട്ടികൾക്ക് തടസ്സമില്ലാത്ത പഠനസൗകര്യങ്ങളും മികച്ച ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് സണ്ണി വർക്കി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. യുഎഇയുടെ 'ഫാമിലി ഇയർ' ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട സംരംഭം ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു സുസ്ഥിര ചാരിറ്റി മോഡലാണ്.