Image credit: AP
ഇറാനും യുഎസും തമ്മിലുള്ള രണ്ടാം ഘട്ട ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നിനിടെ ട്രംപിന് ഭീഷണിയുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. മൂന്നു എക്സ് പോസ്റ്റുകളിലായി യു.എസ് സൈന്യത്തിനും ട്രംപിനുമാണ് ഖമനയിയുടെ ഭീഷണി. ഒമാനില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ജനീവയില്‍ നടക്കുന്നത്. ഇറാന്‍ യു.എസുമായി കരാറിലെത്താന്‍ താല്‍പര്യപ്പെടുന്നുണ്ട് എന്നാണ് ചര്‍ച്ചയ്ക്ക് മുന്‍പായി ട്രംപ് പറഞ്ഞത്. എന്നാല്‍ നേര്‍വിപരീതമാണ് ഖമനയിയുടെ നിലപാട്.
ട്രംപിന്‍റെ മുന്‍ വാക്കുകളെ ആധാരമാക്കിയാണ് ഖമനയി ട്രംപിനെ നേരിട്ട് വെല്ലുവിളിക്കുന്നത്. ''47 വര്‍ഷമായി ഇസ്‍ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്‍റ് പറഞ്ഞത്. അത് നല്ലൊരു കുറ്റസമ്മതമാണ്. ഞാൻ പറയുന്നു, നിങ്ങൾക്കും ഇതിന് സാധിക്കില്ല'' എന്നാണ് ഒറു പോസ്റ്റ്. യു.എസ് സൈനിക ശക്തിയെ കുറച്ചു കാണിക്കുന്നതാണ് മറ്റൊരു പോസ്റ്റ്. ഇത് ഇങ്ങനെ,
''ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടേതെന്ന് യു.എസ് പ്രസിഡന്‍റ് ആവര്‍ത്തിച്ചു പറയുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശേഷിക്കും ചിലപ്പോൾ കഠിനമായ പ്രഹരമേൽക്കാം, അതിനുശേഷം അവർക്ക് വീണ്ടും എഴുന്നേൽക്കാൻ പോലും കഴിഞ്ഞെന്നു വരില്ല'' എന്നാണ് ഖമനയിയുടെ വാക്കുകള്‍.
യു.എസിന്‍റെ നാവിക വിന്യാസത്തെ പറ്റിയാണ് ഖമനയിയുടെ മൂന്നാമത്തെ പോസ്റ്റ്. യു.എസിന്‍റെ യുദ്ധകപ്പലുകളെ മുക്കാന്‍ സാധിക്കുന്ന ആയുധം കയ്യിലുണ്ടെന്ന ധ്വനിയാണ് പോസ്റ്റിലുള്ളത്. "ഇറാനിലേക്ക് യുദ്ധകപ്പല്‍ അയച്ചു എന്നാണ് അമേരിക്ക പറഞ്ഞു കൊണ്ടിരിക്കുന്നത്. തീർച്ചയായും, യുദ്ധക്കപ്പൽ എന്നത് അപകടകരമായ സൈനിക സന്നാഹം തന്നെയാണ്. യുദ്ധക്കപ്പലിനെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധമാണ് അതിനേക്കാള്‍ അപകടകാരി", എന്നാണ് എഴുതിയിരിക്കുന്നത്.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ രണ്ട് യു.എസ് വിമാനവാഹിനി കപ്പലുകളാണ് യു.എസ് പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുന്നത്. സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പ്രകാരം പശ്ചിമേഷ്യയിലെത്തിയ യുഎസ്എസ് എബ്രഹാം ലിങ്കന്‍ ഇറാന് സമീപത്തായുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ആഴ്ചകള്‍ക്കുള്ളില്‍ പശ്ചിമേഷ്യയിലെത്തും. യു.എസിന്‍റെ സൈനിക് വിന്യാസത്തിന് തിരിച്ചടിയായി ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സൈനിക അഭ്യാസം നടത്തുകയാണ്.