The American aircraft carrier USS Gerald R. Ford, the world's largest warship, on its way into the Oslofjord, at Drobak in Norway, Friday Sept. 12, 2025. AP/PTI(AP09_12_2025_000304B)
ഇറാനുമായി യുദ്ധത്തിനില്ലെന്നും ആണവകരാറിലെത്തുകയാണ് ലക്ഷ്യമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടെ ലോകത്തെ രണ്ടാമത്തെ വലിയ വിമാനവാഹിനിക്കപ്പല്‍ മധ്യപൂര്‍വ ദേശത്തേക്ക് എത്തിക്കാന്‍ അമേരിക്ക. യുഎസ്എസ് ജെറള്‍ഡ് ആര്‍.ഫോര്‍ഡാണ് ഇറാന്‍ തീരം ലക്ഷ്യമിട്ട് പുറപ്പെടുന്നത്. ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷപകരുന്നതാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുഎസ്എസ് ജെറള്‍ഡ് ആര്‍. ഫോര്‍ഡിനെ അയയ്ക്കാന്‍ ട്രംപ് തീരുമാനിച്ചത്.
വിമാനവാഹിനിക്കപ്പല്‍ ഇറാനിലേക്ക് തിരിക്കുന്നുവെന്ന വിവരം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനങ്ങള്‍ വഹിച്ചുള്ള കപ്പലിന്‍റെ യാത്രയ്ക്ക് യുദ്ധക്കപ്പലുകളുടെയും അകമ്പടിയുണ്ട്. നിലവില്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ അറബിക്കടലില്‍ നങ്കൂരമിട്ടിട്ടുണ്ട്. മിസൈല്‍ വേധ സംവിധാനങ്ങളും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട ചര്‍ച്ചകള്‍ വൈകാതെ ആരംഭിക്കാനിരിക്കെ ട്രംപ് നടത്തുന്ന നീക്കം സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഇറാന് നേരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ അത് ഗള്‍ഫിലെങ്ങും വ്യാപിക്കുമെന്നും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഖമനയി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക ഇനിയൊരു ആക്രമണം നടത്തിയാല്‍ പിന്തുണയ്ക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഎസ്എസ് എബ്രഹാം ലിങ്കണ് പിന്നാലെ രണ്ടാം വ്യോമവാഹിനിക്കപ്പലും മധ്യപൂര്‍വ ദേശത്തേക്ക് എത്തിക്കാനുള്ള അമേരിക്കന്‍ നീക്കം സംശയാസ്പദമാണെന്നും ഒരുപക്ഷേ ഇറാനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കളൊസ് മഡൂറോയെ പിടികൂടുന്നതിന്‍റെ ഭാഗമായി മെഡിറ്ററേനിയന്‍ കടലിലായിരുന്ന ജെറാള്‍ഡ് ആര്‍.ഫോര്‍ഡിനെ ട്രംപ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ കരീബിയന്‍ കടലിലേക്ക് മാറ്റിയിരുന്നു. ഈ ദൗത്യം പൂര്‍ത്തിയായതിന് പിന്നാലെയാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. എത്രനാളത്തേക്കാണ് ദൗത്യമെന്നതില്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍.ഫോര്‍ഡിലെ ക്രൂവിന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാറിലെത്താന്‍ ഇറാന്‍ വിസമ്മതിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്‍റെ ഒടുവിലത്തെ പ്രസ്താവനകളിലൊന്ന്. കഴിഞ്ഞ തവണ ആണവ കരാറിലെത്താന്‍ യുഎസ് ആവശ്യപ്പെട്ടപ്പോള്‍ ഇറാന്‍ നിരസിച്ചുവെന്നും അതിന് വലിയ വില ഇറാന്‍ നല്‍കേണ്ടി വന്നുവെന്നും ഇക്കുറി കുറച്ച് പ്രായോഗികമായി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. എത്രയും വേഗം ഇറാന്‍ കരാറില്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ അടുത്തമാസം പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. അതേസമയം, സാഹസത്തിന് അമേരിക്ക മുതിര്‍ന്നാല്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ മുഴുവന്‍ വ്യോമത്താവളങ്ങളും ആക്രമിക്കുമെന്നും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നുമായിരുന്നു ഇറാന്‍റെ മറുപടി.