‘മിസ്റ്റര്‍ ട്രംപ്, താങ്കള്‍ ഈ രാജ്യത്തെ ഭരണകൂടവുമായി ഒരു ഉടമ്പടിയുണ്ടാക്കരുത്, അത് ഖമനയി കൊലപ്പെടുത്തിയ 40,000ത്തോളം വരുന്ന ജനതയോടും പ്രക്ഷോഭകരോടും ചെയ്യുന്ന ചതിയാകും, നിങ്ങളീ വിഡിയോ കാണുമ്പോള്‍ ഞാനീ ലോകത്തുണ്ടാവില്ല’, വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടതിനു പിന്നാലെ ഇറാനിയന്‍ യുവാവ് ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്.
ഇറാനിലെ തെക്കന്‍ നഗരമായ ബുഷെര്‍ സ്വദേശിയായ പുരിയ ഹമീദിയാണ് ട്രംപിനെ ലക്ഷ്യമിട്ട് വിഡിയോ പങ്കുവച്ച ശേഷം ആത്മഹത്യ ചെയ്തത്. ടെഹ്റാനുമായി ഒരു തരത്തിലുള്ള നയതന്ത്ര ഉടമ്പടിയും നടത്തരുതെന്നാണ് യുവാവിന്റെ ആവശ്യം. ഏകദേശം പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഇംഗ്ലിഷിലാണ് യുവാവ് സംസാരിക്കുന്നത്. ഇറാനില്‍ ഖമനയി ഭരണകൂടം നടത്തുന്ന കൊലവിളി രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടാനും നേതൃത്വത്തിനെതിരെ വിദേശ ഇടപെടല്‍ നടത്താനുമാണ് യുവാവ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
ജനുവരിയില്‍ നടന്ന പ്രക്ഷോഭത്തേയും പ്രക്ഷോഭകരേയും ഖമനയി ഭരണകൂടം അങ്ങേയറ്റം ക്രൂരമായാണ് അടിച്ചമര്‍ത്തിയതെന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കൊലചെയ്യപ്പെട്ടെന്നും ഇയാള്‍ പറയുന്നു. റഷ്യ–യുക്രയിന്‍ യുദ്ധത്തേക്കാളും ഇസ്രയേല്‍–പലസ്തീന്‍ യുദ്ധത്തേക്കാളും മാരകമായ അവസ്ഥയാണ് ഇറാനിലെന്നും ഹമീദി പറയുന്നു. അതേസമയം വിഡിയോയുടെ ആധികാരികത ഇതുവരേയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശ്നപരിഹാരത്തിനായി ഒമാനില്‍ യുഎസ്–ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നതിനിടെയിലാണ് സംഭവം. ‘ട്രംപ് ഇറാനിലെ ജനതയോട് പ്രതിഷേധിക്കാന്‍ പറഞ്ഞു, ഞങ്ങള്‍ പ്രതിഷേധിച്ചു, അദ്ദേഹത്തെ വിശ്വസിച്ചു, തോക്കെടുത്ത് പോരാടുകയെന്നത് സാധാരണ ജനത്തിന് സാധ്യമായ കാര്യമല്ല, ഇസ്ലാമിക ഭരണകൂടത്തെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല, അമേരിക്ക ടെഹ്റാനില്‍ ഇടപെടണം, ആക്രമിക്കണം, അതുമാത്രമാണ് ഏക പ്രതീക്ഷ, വിദേശ ഇടപെടല്‍ ഈ രാജ്യത്ത് അനിവാര്യമാണ്’– ഹമീദി പറയുന്നു.
ഖമനയിയേയും ഭരണകൂടത്തേയും നിശിതമായി വിമര്‍ശിക്കുന്ന വിഡിയോയില്‍ റിസ പഹ്‌ലവിക്കുള്ള പിന്തുണയും യുവാവ് പ്രകടിപ്പിക്കുന്നുണ്ട്. ട്രംപ്, നിങ്ങള്‍ക്കറിയില്ല ഞങ്ങളുടെ നിലവിലെ സാഹചര്യം, പ്രതീക്ഷകളെല്ലാം കൈവിട്ടു, ആഹാരം കഴിക്കാനാവുന്നില്ല, ഉറങ്ങാന്‍ പറ്റുന്നില്ല, ഒന്നു കരയാന്‍ പോലും സാധ്യമല്ല, ഇതുപോലൊരു രാജ്യത്ത് ജനിച്ചത് തന്നെ അപമാനമാണ്,എങ്കിലും യാതനകള്‍ക്കപ്പുറം നല്ലൊരു നാളെ ഈ ജനയയ്ക്കുമുണ്ടാകുമെന്ന് പറഞ്ഞാണ് ഹമീദ് വിഡിയോ അവസാനിപ്പിക്കുന്നത്.