ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. യുഎസ് ആഭ്യന്തര മന്ത്രാലയമാണ് പൗരന്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയത്. ഇന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി ഒമാനില്‍ ചര്‍ച്ച നടക്കാനിരിക്കുന്നതിനിടെയാണ് പുതിയ നിര്‍ദേശം. ഇരുരാജ്യങ്ങള്‍ക്കുമിടെയിലുള്ള യാത്രാസാധ്യതകള്‍ പോലും മങ്ങുന്ന സാഹചര്യത്തിലാണ് യു.എസിന്‍റെ നിര്‍ദേശം വന്നിരിക്കുന്നതെന്നാണ് വിവരം. മടക്കയാത്രയ്ക്കായി യുഎസ് സര്‍ക്കാറിനെ ആശ്രയിച്ചു നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.
ഇറാനില്‍ യുഎസിന് ഒരു എംബസി പോലും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്തത്ര മോശം നയതന്ത്രബന്ധമാണ് വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ ആക്രമണഭീതി ഉടലെടുത്തത്. പല ഘട്ടങ്ങളിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസമാണ് യുദ്ധഭീതി അകലുന്നുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. ഇന്ന് രാവിലെയാണ് ഒമാനില്‍വച്ച് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇതിനിടെ പൗരന്‍മാരോട് ഇറാന്‍ വിടാനുള്ള അമേരിക്കയുടെ നിര്‍ദേശം തീര്‍ത്തും ആശങ്ക നിറയ്ക്കുന്നതാണ്.
ചർച്ച പൊളിഞ്ഞാൽ ഇറാനിയൻ പരമോന്നത നേതാവ് അലി ഖമനയി ദുഃഖിക്കേണ്ടി വരുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ കൂടുതൽ വിശദീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശത്തെക്കൂടി കൂട്ടിവായിക്കുന്നത്. ആണവപദ്ധതി മൊത്തമായും നിര്‍ത്തിവക്കണമെന്നതായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ ഉപരോധം നീക്കിയാല്‍ മാത്രമേ അത്തരമൊരു ചിന്തയ്ക്ക് ഭാഗികമായെങ്കിലും തങ്ങള്‍ തയാറാവൂയെന്നതായിരുന്നു ഇറാന്റെ നിലപാട്. മസ്ക്കറ്റില്‍ ഇന്ത്യന്‍ സമയം 11നായിരുന്നു ചര്‍ച്ച, വിശദാംശങ്ങളൊന്നും പുറത്തുവന്നില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പാളിയതാണോ പുതിയ നിര്‍ദേശത്തിനടിസ്ഥാനം എന്നാണ് ഇനിയറിയാനുള്ളത്.
യാത്രക്കായി തയാറാവാന്‍ പറ്റിയില്ലെങ്കില്‍ ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക് മാറണമെന്നും അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള കാര്യങ്ങള്‍ തിട്ടപ്പെടുത്തണമെന്നും അമേരിക്ക നിര്‍ദേശിക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം, വെള്ളം, മരുന്നുകള്‍,എന്നിവയെല്ലാം കരുതണമെന്നും അമേരിക്ക പൗരന്‍മാരോട് ആവശ്യപ്പെടുന്നു. ചുറ്റുപാടുകളെക്കുറിച്ചും പൂര്‍ണജാഗ്രതയോടെ ഇരിക്കാനും ആവശ്യപ്പെടുന്നുണ്ട്. വാര്‍ത്തകള്‍ക്കായി പ്രാദേശിക മാധ്യമങ്ങളെ ആശ്രയിക്കണമെന്നും ഫോണുകള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കാനും, നിരന്തരം ബന്ധുക്കളുമായി സംസാരിക്കാനും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്.