Image Credit: X/CENTCOM (U.S. Central Command)
ഹോര്‍മൂസ് കടലിടുക്കില്‍ സൈനിക അഭ്യാസം നടത്താന്‍ ഇറാന്‍. യു.എസുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ് എണ്ണവ്യാപാരത്തിന്‍റെ നിര്‍ണായക പാതയായ ഹോര്‍മൂസില്‍ ഇറാന്‍റെ അഭ്യാസം നടക്കാന്‍ പോകുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ലൈവ് ഫയര്‍ ഡ്രില്‍ നടത്തുമെന്ന് മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ യുദ്ധത്തിനോ? ആണവകേന്ദ്രങ്ങള്‍ 'മറച്ചു'! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
നാവിക സേന കടലില്‍ വെടിവെയ്പ്പ് പരിശീലനം നടത്തും എന്നാണ് ഇറാന്‍ കപ്പലുകള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം, യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്‍റെ സൈനികാഭ്യാസത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. യുഎസ് സേനാ വ്യൂഹം, പ്രാദേശിക പങ്കാളികൾ, വാണിജ്യ കപ്പലുകൾ എന്നിവയ്ക്ക് സമീപമുള്ള സുരക്ഷിതമല്ലാത്ത പെരുമാറ്റം സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് യു.എസിന്‍റെ മുന്നറിയിപ്പ്.
ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്.
അതേസമയം, ഇറാന്‍ സുരക്ഷാവിഭാഗം തലവന്‍ മോസ്കോയില്‍ റഷ്യന്‍ പ്രസിഡന്‍റ് വാളാഡിമര്‍ പുടിനെ കണ്ടു. ആണവ കരാര്‍ വേണമെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആവശ്യത്തിനിടെയാണ് ഇറാന്‍ പ്രതിനിധികള്‍ മോസ്കോയിലെത്തിയത്. സാമ്പത്തിക ബന്ധങ്ങളിലും പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിലും ചര്‍ച്ച നടന്നു എന്നാണ് ഇറാൻ എംബസി ചര്‍ച്ചയെ പറ്റി വിശദമാക്കിയത്.