കേരളത്തിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു നിന്നുള്ള കോഴി ഉൽപ്പന്നങ്ങൾക്ക് ഒമാൻ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ അടിയന്തര നീക്കം.
ജീവനുള്ള പക്ഷികൾ, മുട്ട, ഇറച്ചി എന്നിവയുടെ ഇറക്കുമതിക്ക് രാജ്യത്ത് ഇപ്പോൾ പൂർണ്ണ നിരോധനമുണ്ട്. പക്ഷിപ്പനി ഭീഷണി പൂർണ്ണമായി ഒഴിയുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിരോധനം നിലനിൽക്കുന്നിടത്തോളം കേരളത്തിൽ നിന്നുള്ള ഒരൊറ്റ കൺസൈൻമെന്റും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. എന്നാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ഹീറ്റ് ട്രീറ്റ്‌മെന്റ് നടത്തിയ ഉൽപ്പന്നങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല. നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ മുൻപ് പക്ഷിപ്പനി ഉണ്ടായപ്പോഴും ഒമാൻ സമാനമായ നടപടി സ്വീകരിച്ചിരുന്നു. പക്ഷിപ്പനി സാഹചര്യം മാറുന്ന മുറയ്ക്ക് മാത്രമേ നിരോധനം പിൻവലിക്കാൻ സാധ്യതയുള്ളൂ. കേരളത്തിലെ കോഴി കർഷകർക്കും കയറ്റുമതിക്കാർക്കും പുതിയ നീക്കം വലിയ തിരിച്ചടിയാണ് നൽകുന്നത്. സുരക്ഷിതമായ ഉൽപ്പന്നങ്ങൾ മാത്രം വിപണിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഒമാൻ ഭരണകൂടത്തിന്റെ ജാഗ്രത.