ഖമനയി, ട്രംപ്

ഇറാനില്‍ യു.എസ് ആക്രമണ ആശങ്കമെന്ന പുതിയ ആശങ്കയ്ക്കിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ യു.എസ് സൈനിക വിമാനങ്ങള്‍. യു.കെയിലെ വ്യോമതാവളത്തില്‍ നിന്നും യു.എസ് സൈന്യത്തിന്‍റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ഡാനില്‍ ഇറങ്ങി. അതേസമയം, അബുബാദിയില്‍ നിന്നും പുറപ്പെട്ട യു.എസ് നിരീക്ഷണ ഡ്രോണ്‍ നിലവില്‍ ഇറാന്‍ തീരത്തിന് സമീപത്തുകൂടി പറക്കുകയാണ്. 

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണൾഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാൻ പ്രതികരിച്ചു.

ഫ്ലൈറ്റ് മോണിറ്ററിങ് ഡാറ്റ പ്രകാരം, യുകെയിലെ ആര്‍എഎഫ് ലേക്കൻഹീത്തില്‍ നിന്നും പറന്ന രണ്ട്  സി-17 ഗ്ലോബ്മാസ്റ്റര്‍ III വിമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ജോര്‍ദാനിലെത്തി. ഇവിടെ നിന്നും വിമാനങ്ങള്‍ വീണ്ടും തിരികെ പറന്നതാണ് നിലവിലെ ഡാറ്റ. ആര്‍എഎച്ച് 183, ആര്‍സിഎച്ച് 181 എന്നി വിമാനങ്ങളാണ് ജോര്‍ദാനിലെത്തിയത്. 

1,70,900 പൗണ്ട് വരെ ചരക്ക് വഹിക്കാനും ചെറുതും നിരപ്പല്ലാത്ത റൺവേകളിൽ നിന്ന് പ്രവർത്തിക്കാനും ഇതിന് കഴിയും. ഇതിനൊപ്പം യു.എസ് സൈന്യത്തിന്‍റെ 15 എഫ്-15 യുദ്ധവിമാനങ്ങളും ആകാശത്തു നിന്നും ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്ന നാല് റീഫ്യുവലിങ് ടാങ്കറുകഴും യുകെയില്‍ നിന്നും ജോര്‍ദാനിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. 

അതേസമയം യു.എസ് സൈന്യത്തിന്റെ നോർത്ത്റോപ്പ് ഗ്രുമാൻ എംക്യു-4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ഇറാന്‌ തീരത്തിന് സമീപമുണ്ട്. അബുബാദിയില്‍ നിന്നും പറന്ന വിമാനം ഒമാൻ ഉൾക്കടലിനും പേർഷ്യൻ ഗൾഫിനും മുകളിലൂടെ ഇറാൻ, യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നിവയ്ക്ക് സമീപം പറക്കുന്നതായി ഫ്ലൈറ്റ് റഡാര്‍ ഡാറ്റയില്‍ കാണാം. എന്നാല്‍ ഇവയുടെ ലക്ഷ്യസ്ഥാനം എവിടെയാണെന്നതില്‍ വ്യക്തതയില്ല. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മധ്യേഷ്യയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

യു.എസ് ഡ്രോണിന്‍റെ സഞ്ചാരപാത. Screenshot From FlightRadar

കഴിഞ്ഞ ബുധനാഴ്ച യു.എസ് ഇറാനില്‍ സൈനികനടപടിക്ക് ഒരുങ്ങുന്നു എന്ന സൂചനയുണ്ടായിരുന്നു. നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ട്രംപ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. ഇറാനില്‍ നടത്തുന്ന ആക്രമണം ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ പര്യാപ്തമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് ആക്രമിച്ചാല്‍ ഇറാന്‍റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ ഒരുങ്ങിയിരുന്നില്ലെന്നും യു.എസ് വാര്‍ത്തമാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. 

ENGLISH SUMMARY:

US military deployment involves increased activity in the Middle East amid rising tensions with Iran. The deployment includes military aircraft and drones, raising concerns about potential conflict.