Iranian women married to Iraqis carry a portrait (L) of Iran's Supreme Leader Ayatollah Ali Khamenei and wave Iranian flags during a demonstration near the Iranian embassy in Baghdad on January 16, 2026, against Israel and recent US threats of military action in Iran, and in support of the Iranian regime and its supreme leader. (Photo by AHMAD AL-RUBAYE / AFP)
പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ സമാധാനത്തിലേക്ക്. ദിവസങ്ങളായി പുതിയ പ്രതിഷേധങ്ങള്‍ ടെഹ്റാനില്‍ ഉണ്ടാകുന്നില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരുവ് കച്ചവടമടക്കം സാധാരണ നിലയിലായിട്ടുണ്ട്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ആയത്തുല്ല അലി ഖമനയി ഇറാഖില്‍ നിന്നും സായുധ സേനയെ ഇറക്കിയെന്നാണ് വിവരം. സമരക്കാരെ വധിക്കണമെന്ന് തീവ്ര നിലപാടുകാരനായ മുതിർന്ന പുരോഹിതൻ ആയത്തുള്ള അഹമ്മദ് ഖതാമി ആവശ്യപ്പെട്ടു. സ്റ്റേറ്റ് റേഡിയോയില്‍ സംപ്രേക്ഷണം ചെയ്ത ഖതാമിയുടെ പ്രാര്‍ഥനയ്ക്കിടെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെയും ഭീഷണിയുണ്ട്.
സമരക്കാരെ ബെന്യമിന്‍ നെതന്യാഹുവിന്‍റെ കിങ്കരന്മാരെന്നും ട്രംപിന്‍റെ കൂലിപട്ടാളമെന്നുമാണ് ഖതാമി വിശേഷിപ്പിച്ചത്. ട്രംപിനോടും നെതന്യാഹുവിനോടും പ്രതികാരം ചെയ്യുമെന്നും സമാധാനം പ്രതീക്ഷിക്കേണ്ടെന്നും ഖതാമി പറഞ്ഞു. ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ വിദേശരാജ്യങ്ങളടക്കം ഇടപെടുന്നതിനിടെയാണ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍. വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍, ഇറാന്‍– ഇസ്രയേല്‍ ഭരണതലവന്മാരുമായി സംസാരിച്ചിരുന്നു.
ഇറാനില്‍ ഇറാഖി സായുധ സേന
സംഘര്‍ഷം അടിച്ചമര്‍ത്താന്‍ ഇറാന്‍ വിദേശ സായുധസംഘങ്ങളുടെ സഹായം തേടിയിരുന്നതായാണ് വിവരം. ഇറാഖി ഹിസ്ബുള്ള പോലുള്ള ഷിയ സായുധ സംഘങ്ങളെയാണ് ഇറാന്‍ ആശ്രയിച്ചത്. ഇറാന്‍ സേന പ്രക്ഷോഭകാരികള്‍ക്കെതിരെ വെടിവെയ്ക്കില്ലെന്ന് നിലപാടെടുത്തതോടെയാണ് അറബി സംസാരിക്കുന്ന സായുധ സേനാകളെ ഖമനയി രംഗത്തിറക്കിയത്.
തീര്‍ഥാടകരെന്ന വ്യാജേന 5,000 ഇറാഖി സായുധ സേനാംഗങ്ങള്‍ അതിര്‍ത്തി കടന്നു. മെയ്‌സാൻ പ്രവിശ്യയിലെ ഷൈബ്, വാസിത് പ്രവിശ്യയിലെ സുർബതി എന്നിവ വഴിയാണ് സേനാംഗങ്ങള്‍ ഇറാനിലേക്ക് എത്തിയത്. ദിയാലാ, മൈസാന്‍, ബസറ എന്നിവിടങ്ങളില്‍ നിന്നും 800 പേര്‍ ആദ്യം ഇറാനിലെത്തി. കതൈബ് ഹിസ്ബുള്ള, ഹരകത്ത് ഹിസ്ബുള്ള അൽ-നുജാബ, കതൈബ് സയ്യിദ് അൽ-ഷുഹാദ, ബദർ ഓർഗനൈസേഷൻ തുടങ്ങിയ ഇറാനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ പെട്ടവരാണ് ഇവരെന്നാണ് സൂചന. യൂറോപ്യന്‍ സൈനിക വൃത്തങ്ങളെയും ഇറാഖി സുരക്ഷാ സേനയെയും ഉദ്ധരിച്ച് സിഎന്‍എന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.