People walk past closed shops, following protests over a plunge in the currency's value, in the Tehran Grand Bazaar in Tehran, Iran, January 15, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. REFILE - QUALITY REPEAT
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും പ്രക്ഷോഭവും കൊണ്ടു വലയുന്ന ഇറാനിയന്‍ ജനതയ്ക്ക് വീണ്ടും സര്‍ക്കാരിന്‍റെ പ്രഹരം. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹം കൈമാറണമെങ്കില്‍ നാലുലക്ഷം രൂപ നല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നതെന്ന് കുടുംബാംഗങ്ങള്‍ ബിബിസിയോട് പറഞ്ഞു.
2500ലേറെ ആളുകളാണ് ആയത്തുല്ല അലി ഖമനയി ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രികളിലും മോര്‍ച്ചറികളിലുമാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ ജനതയ്ക്ക് പക്ഷേ സുരക്ഷാ സംഘങ്ങളുടെ പ്രഹരമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. 700 മില്യണ്‍ ടോമന്‍സ് അതായത് 5000ഡോളര്‍ ആണ് ഏജന്‍സികള്‍ മൃതദേഹത്തിന്‍റെ വിലയായി ആവശ്യപ്പെടുന്നത്. 4,52,941.25 ഇന്ത്യന്‍ രൂപ വരുമിത്.
റാഷ്ത്തില്‍ നിന്നുള്ള കുടുംബാഗമാണ് നിലവിലെ അവസ്ഥയെക്കുറിച്ച് ബിബിസിയോട് സംസാരിച്ചത്. പോര്‍സിന ആശുപത്രിയിലെത്തിയപ്പോഴാണ് കുടുംബത്തിനു മോശം അനുഭവമുണ്ടായത്. ടെഹ്റാനിലെ പല ആശുപത്രികളിലേയും സ്ഥിതി ഇതുതന്നെയാണ്. എന്നാല്‍ ഇത്രയും തുക നല്‍കി മൃതദേഹം ഏറ്റുവാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും പ്രിയപ്പെട്ട മകനെ അവിടെ ഉപേക്ഷിച്ചു തിരിച്ചുപോരേണ്ടുന്ന അവസ്ഥയാണെന്നും ഒരാള്‍ പറയുന്നു. തന്‍റെ മകന്‍ ഇറാനില്‍ മാസം സമ്പാദിച്ചത് ഒമ്പതിനായിരം രൂപയില്‍ താഴെയാണ്, ഞങ്ങളെങ്ങനെ നാലുലക്ഷം നല്‍കി മൃതദേഹം ഏറ്റുവാങ്ങുമെന്നതായിരുന്നു കുടുംബത്തിന്‍റെ ചോദ്യം.
അതേസമയം സുരക്ഷാ ഏജന്‍സികളെത്തി കൊളള നടത്തും മുന്‍പേ മൃതദേഹം കൊണ്ടുപോവണമെന്നാവശ്യപ്പെട്ട് ചില ആശുപത്രികള്‍ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചറിയിക്കുന്നുണ്ട്. ചിലര്‍ പിക്കപ്പ് ട്രക്കുമായെത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുന്നതെന്ന് ബിബിസി പേര്‍ഷ്യന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.