Image Credit: Reuters
അമേരിക്കന്‍ ആക്രമണത്തെക്കുറിച്ചുള്ള ആശങ്കയേറ്റി ഇറാന്‍ പ്രഖ്യാപിച്ച വ്യോമനിരോധനം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. ഇറാന്‍ ആകാശത്ത് രാജ്യാന്തര, ആഭ്യന്തര വിമാനങ്ങള്‍ വന്നുതുടങ്ങിയെന്ന് എയര്‍ട്രാഫിക് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം രാവിലെ 9 മണിയോടെയാണ് നോട്ടാം (Notice to Airmen) പിന്‍വലിച്ചത്.
ഇറാനില്‍ ഇടപെടാന്‍ അമേരിക്കന്‍ സൈന്യം തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയാണ് വ്യോമനിരോധനം പ്രഖ്യാപിച്ചത്. ഖത്തറിലെ അമേരിക്കന്‍ സൈനികത്താവളത്തില്‍ നിന്ന് സൈനികരെ മറ്റിടങ്ങളിലേക്ക് മാറ്റിയെന്ന് ഖത്തറും അമേരിക്കയും സ്ഥിരികരിച്ചിരുന്നു. ഇതിനുപിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഗ്രീസിലേക്ക് പോയതും അഭ്യുഹങ്ങള്‍ക്ക് ആക്കം കൂട്ടി. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം നയിക്കുന്നവരെ വധിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറാന്‍ ഭരണകൂടം പിന്മാറിയതോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെ നിലപാട് മയപ്പെടുത്തി.
പ്രക്ഷോഭം നയിക്കുന്നവരെ തൂക്കിലേറ്റുമോ എന്ന ചോദ്യംപോലും ഉദിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്‍ചി പറഞ്ഞു. വധശിക്ഷ സംബന്ധിച്ച വാര്‍ത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു. ഇറാനിലെ പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് ഭരണകൂടം അവസാനിപ്പിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. പ്രക്ഷോഭം നയിക്കുന്നവരെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയരാക്കാനുള്ള നീക്കവും റദ്ദാക്കിയെന്ന് ട്രംപ് പറഞ്ഞു.
അതേസമയം ഇറാനില്‍ നടക്കുന്ന കാര്യങ്ങളുടെ ചെറിയൊരംശം പോലും പുറത്തുവരാത്തതില്‍ രാജ്യാന്തര മനുഷ്യാവകാശസംഘടനകളും പ്രവാസി ഇറാന്‍കാരും കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്‍റര്‍നെറ്റിനും വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്കും സമ്പൂര്‍ണ വിലക്ക് തുടരുകയാണ്. ഇറാനിയന്‍ സൈന്യവും പൊലീസും നടത്തിയ നരനായാട്ടില്‍ 2600ലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യഥാര്‍ഥമരണസംഖ്യ ഇപ്പോഴും പുറത്തുവന്നിട്ടില്ല. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനിയുടെ ഉത്തരവനുസരിച്ചാണ് ഇറാന്‍ സൈന്യമടക്കം അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചത്.