ഏതുനിമിഷവും യുഎസ് ആക്രമിച്ചേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് ഇറാന്‍ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള രാജ്യാന്തര വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും ഇറാന്‍ വ്യക്തമാക്കി.  പെട്ടെന്നുള്ള ആകാശവിലക്ക് ഇന്‍ഡിഗോ, ലുഫ്താന്‍സ, എയ്റോഫ്ലോറ്റ് തുടങ്ങിയ വിമാനക്കമ്പനികളെ ബാധിച്ചു. അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്‍റെ ആകാശപാത ഒഴിവാക്കിയാണ് സ‍ഞ്ചരിക്കുന്നത്. ഏതുസമയത്തും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാത മാറ്റുകയാണെന്നും വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിക്കുകയും ചെയ്തു. നിലവിലെ അപ്രതീക്ഷിത പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയും രാജ്യാന്തര യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

മധ്യപൂര്‍വേഷ്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിന്ന് യുഎസ് അവരുടെ സൈന്യത്തെ പിന്‍വലിച്ചതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായത്. ഇറാന്‍റെ പരമാധികാരത്തിന് മേല്‍ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ ഉണ്ടായാല്‍ ഖത്തറിലും യുഎഇയിലുമടക്കമുള്ള അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സൈന്യത്തെ പിന്‍വലിച്ചത്. 

അതേസമയം, ഇറാനിലുള്ള ഇന്ത്യക്കാരോട് സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. പ്രക്ഷോഭങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് യാത്രയരുതെന്നും കഴിയുന്നതും വേഗം സാധ്യമായ മാര്‍ഗത്തില്‍ ഇറാനില്‍ നിന്ന് പുറത്തുകടക്കണമെന്നും ഇന്ത്യന്‍ എംബസിയുമായി നിരന്തര ബന്ധം പുലര്‍ത്തണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രാദേശിക മാധ്യമങ്ങളുടെ സഹായം തേടണമെന്നും എംബസി ആവശ്യപ്പെട്ടു. 

പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ടെഹ്റാനിലുള്ള തങ്ങളുടെ എംബസി താല്‍കാലികമായി അടയ്ക്കുകയാണെന്ന് ബ്രിട്ടന്‍ അറിയിച്ചു. ബ്രിട്ടീഷ് എംബസി അടച്ചുവെന്നും അവിടെ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്നുമാണ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയത്. അതേസമയം ഇറാനില്‍ ആരും തൂക്കിലേറ്റപ്പെടില്ലെന്നും പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന്‍ നിര്‍ത്തിവച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. മൂവായിരത്തോളം പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കലാപം സര്‍ക്കാര്‍ അടിച്ചമര്‍ത്തിയെന്നും നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നുമാണ് ഇറാന്‍ ഭരണകൂടം പറയുന്നത്. 'ദിവസങ്ങള്‍ നീണ്ട ഭീകരപ്രവര്‍ത്തനം വിജയകരമായി സര്‍ക്കാര്‍ അവസാനിപ്പിച്ചു. എല്ലാപ്രദേശങ്ങളും വരുതിയിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്​ചി ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധമാണ് ഡിസംബര്‍ 28ന് വ്യാപാരികള്‍ നടത്തിയത്. എന്നാല്‍ അതിലേക്ക് നുഴഞ്ഞുകയറിയ യുഎസ് പിന്തുണയുള്ള ഭീകരവാദികള്‍ അതിനെ സായുധ കലാപമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

ENGLISH SUMMARY:

Iran has partially closed its airspace due to imminent threats of a potential US military strike, allowing only authorized international flights to enter. Major airlines including Air India, Indigo, Lufthansa, and Aeroflot have rerouted their flight paths to avoid Iranian territory for passenger safety. This sudden shift is expected to cause flight delays, and airlines have advised travelers to verify schedules on their official websites. Meanwhile, the Indian Embassy has issued an emergency advisory urging all Indian citizens to leave Iran immediately using available transport. Britain has temporarily closed its embassy in Tehran as the internal unrest continues to escalate despite government claims of control. While US President-elect Donald Trump claimed that executions have been halted, unofficial reports suggest the death toll from the anti-government protests has reached nearly 3,000. The Iranian Foreign Ministry maintained that the situation is now under control after successfully suppressing what they described as foreign-backed armed riots.