ഭരണകൂടത്തിനെതിരായ ജനകീയപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചരിത്രത്തിലില്ലാത്ത നീക്കങ്ങളുമായി ഇറാന്‍. രാജ്യത്തിന്‍റെ മുക്കിലും മൂലയിലും അലയടിക്കുന്ന പ്രതിഷേധം തച്ചുതകര്‍ക്കാന്‍ സൈന്യത്തിനും പൊലീസിനും പരിധിയില്ലാത്ത അധികാരമാണ് നല്‍കിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ക്ക് പരുക്കേറ്റു. യഥാര്‍ഥ മരണസംഖ്യ അറിയാന്‍ ഒരു നിവൃത്തിയുമില്ലാത്ത വിധം വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം റദ്ദാക്കി. രാജ്യത്തെമ്പാടും ഇന്‍റര്‍നെറ്റ് കിട്ടാതായിട്ട് നാലുദിവസം പിന്നിട്ടു. ഏറ്റവും ഒടുവില്‍ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന സ്റ്റാര്‍ലിങ്ക് കണക്ടിവിറ്റിയും ജാം ചെയ്തു. ഇതോടെ ‘കില്‍ സ്വിച്ച്’ തന്ത്രം പൂര്‍ണമായി.
ഇറാനിലേക്കോ ഇറാനുള്ളിലോ ജനങ്ങള്‍ക്ക് പരസ്പരം ഫോണ്‍ വിളിക്കാനോ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനോ ഇമെയില്‍ ചെയ്യാനോ ഒന്നും കഴിയില്ല. എല്ലാ ആപ്പുകളും നിശ്ചലം. ബാങ്കിങ് പോലുള്ള അവശ്യസേവനങ്ങളും മുടങ്ങി. ഇന്‍റര്‍നെറ്റ് ആവശ്യമുള്ള ഒരു സേവനവും ഇറാനില്‍ ഇപ്പോള്‍ ലഭ്യമല്ല. ആര് എന്തുചെയ്യുന്നു എന്ന് ആര്‍ക്കുമറിയാത്ത അവസ്ഥ. ഔദ്യോഗിക ഇന്‍റര്‍നെറ്റിന് മേല്‍ ‘കില്‍ സ്വിച്ച്’ നടപ്പാക്കിയപ്പോള്‍ ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് ആയിരുന്നു ആകെ ആശ്രയം. ഇറാനില്‍ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതി ഇല്ല. അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തിച്ച സ്റ്റാര്‍ ലിങ്ക് ഉപകരണങ്ങള്‍ അന്‍പതിനായിരത്തോളം പേര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ഭരണകൂടം ഈ ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യാനും പിടിച്ചെടുക്കാനും ജാം ചെയ്യാനും തുടങ്ങി.
സ്റ്റാര്‍ലിങ്കും വീണു!
സാറ്റലൈറ്റ് വഴി നേരിട്ട് ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനിയാണ് ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ലിങ്ക്. ഇസ്രയേല്‍ – ഇറാന്‍ യുദ്ധസമയത്ത് ഇറാന്‍ ഭരണകൂടം രാജ്യത്ത് ഇന്‍റര്‍നെറ്റ് ബ്ലാക്കൗട്ട് നടപ്പാക്കയപ്പോള്‍ സ്റ്റാര്‍ലിങ്ക് യൂണിറ്റുകള്‍ തടസമില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അതുമില്ല. ഇറാനില്‍ സ്റ്റാര്‍ലിങ്കിന് എന്താണ് സംഭവിച്ചത്?
സാധാരണ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന ഭൂസ്ഥിര ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന ഉപഗ്രഹസംവിധാനം. ഭൂതലത്തില്‍ നിന്ന് 550 കിലോമീറ്റര്‍ ഉയരെ വിന്യസിച്ചിരിക്കുന്ന ഉപഗ്രഹങ്ങളുടെ വിപുലമായ ശൃംഖലയാണ് ഇതിന് ഉപയോഗിക്കുന്നത്. നമ്മള്‍ മൊബൈല്‍ ഫോണുമായി സഞ്ചരിക്കുമ്പോള്‍ എങ്ങനെയാണോ ടവര്‍ കണക്ടിവിറ്റി മാറിക്കൊണ്ടിരിക്കുന്നത് ഏറെക്കുറെ അതുപോലെ ഉപഗ്രഹങ്ങളുടെ പൊസിഷന്‍ അനുസരിച്ച് കണക്ടിവിറ്റി മാറും. ഇത് ജാമിങ് പോലെയുള്ള ബാഹ്യ ഇടപെടലുകള്‍ ദുഷ്കരമാക്കും. എന്നാല്‍ ഇതും ഇറാന്‍ മറികടന്നു. എങ്ങനെ?
ഇന്‍റര്‍നെറ്റ് നിരീക്ഷിക്കുന്ന രാജ്യാന്തര ഏജന്‍സികളും സംഘടനകളും ഇറാനില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് ജാം ചെയ്യാന്‍ ഇറാന്‍ ഭരണകൂടം അത്യാധുനിക സൈനിക സംവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ ജാമറുകള്‍ ഇറാന്‍ പ്രയോഗിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചെന്ന് ഇന്‍റര്‍നെറ്റ് ഗവേഷകന്‍ അമീര്‍ റഷീദി വെളിപ്പെടുത്തി. ഇന്‍റര്‍നെറ്റ് റദ്ദാക്കല്‍ നിരീക്ഷിക്കുന്ന നെറ്റ്ബ്ലോക്സും സമാനമായ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ ലഭിച്ച അത്യാധുനിക ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് അനുമാനം.
ഇറാനില്‍ നിന്നുള്ള സ്റ്റാര്‍ലിങ്ക് അപ്‌ലിങ്ക്, ഡൗണ്‍ലിങ്ക് ട്രാഫിക് 80 ശതമാനത്തിലേറെ നിലച്ചു. ഇതുള്‍പ്പെടെ രാജ്യത്തെ മൊത്തം ഇന്‍റര്‍നെറ്റ് ലഭ്യത ഒരു ശതമാനം പോലുമില്ലെന്നും നെറ്റ്ബ്ലോക്സ് വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റ് ഇല്ലാത്ത ഓരോ മണിക്കൂറിലും ഇറാനുണ്ടാകുന്ന സാമ്പത്തിക നഷ്ടം 14 കോടി രൂപയിലേറെയാണ്. ഇന്‍റര്‍നെറ്റ് സമ്പൂര്‍ണമായി ഇല്ലാതായിട്ട് ചൊവ്വാഴ്ച നൂറുമണിക്കൂര്‍ പിന്നിട്ടു. ഇപ്പോള്‍ത്തന്നെ നിലംപരിശായ സമ്പദ്ഘടനയില്‍ ഇത്രവലിയ ആഘാതം അടിച്ചേല്‍പ്പിച്ച് എന്താണ് ഇറാന്‍ ഭരണകൂടം നേടാന്‍ ശ്രമിക്കുന്നത്. അത്ര മാത്രം പരിഭ്രാന്തരാണ് ആയത്തുല്ല അലി ഖമയനിയും കൂട്ടരുമെന്ന് വ്യക്തം.
സ്റ്റാര്‍ലിങ്ക് തടസപ്പെടുത്താതിരിക്കാന്‍ യൂസര്‍ ടെര്‍മിനലിലെ സെറ്റിങ്സില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതിയെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഈ വിവരം ഇറാനിലെ ഉപയോക്താക്കളില്‍ എത്തിക്കാനുള്ള തീവ്രശമത്തിലാണ് രാജ്യത്തിന് പുറത്തുനിന്ന് പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നവരും ഇറാന്‍ ഭരണകൂടത്തിന്‍റെ എതിരാളികളും ശ്രമിക്കുന്നത്. പൊലീസ്, സൈനിക നടപടികളില്‍ 2500ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം. യഥാര്‍ഥ മരണസംഖ്യ വളരെ കൂടുതലായിരിക്കുമെന്ന് മനുഷ്യാവകാശസംഘടനകള്‍ പറയുന്നു.
ഇന്‍റര്‍നെറ്റ് എപ്പോള്‍ തിരിച്ചുവരും?
ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയപ്രക്ഷോഭങ്ങളിലൊന്നാണ് ഇപ്പോള്‍ അരങ്ങേറുന്നത്. അതിനെ അടിച്ചമര്‍ത്താന്‍ എന്തുവില കൊടുക്കാനും സന്നദ്ധമാണെന്ന് തെളിയിച്ചുകഴിഞ്ഞ ഭരണകൂടം ഉടനൊന്നും ഇന്‍റനെറ്റ് ബ്ലോക്കേഡ് നീക്കാനിടയില്ല. 2019ല്‍ സമാനമായ സാഹചര്യങ്ങളില്‍ 12 ദിവസമാണ് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചത്. അന്ന് സമൂഹമാധ്യമങ്ങളെയും വ്യക്തിഗത ആശയവിനിമയ സംവിധാനങ്ങളെയുമാണ് ബാധിച്ചതെങ്കില്‍ ഇക്കുറി എല്ലാ അവശ്യസേവനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണകൂടം ഇടപെട്ടതോടെയാണ് ഭരണമാറ്റം ആവശ്യപ്പെട്ടുള്ള വിപ്ലവസമാനമായ അവസ്ഥയിലേക്ക് മാറിയത്. അത് ഒരുപക്ഷേ രണ്ടിലൊന്നറിഞ്ഞിട്ടേ അവസാനിക്കാനിടയുള്ളു.