US President Donald Trump gestures as he boards Air Force One at Joint Base Andrews, Maryland on January 13, 2026, as he travels to Detroit, Michigan. (Photo by Mandel NGAN / AFP)
ഇറാനിലെ പ്രക്ഷോഭകാരികള്‍ക്കുള്ള സഹായം പുറപ്പെട്ടു കഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് നിര്‍ണായക വിവരം ട്രംപ് വെളിപ്പെടുത്തിയത്. ഇതോടെ ഇറാനെ അമേരിക്ക ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. 2000ത്തിലേറെപ്പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 'ഇറാനിലെ ദേശസ്നേഹികളേ... പ്രതിഷേധം തുടരൂ. നിങ്ങളുടെ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കൂ. ഉപദ്രവിക്കുന്നവരുടെയും കൊലയാളികളുടെയും പേരുകള്‍ ഓര്‍ത്തുവച്ചോളൂ.. അവര്‍ വലിയ വില കൊടുക്കേണ്ടി വരും. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നത് നിര്‍ത്തുന്നത് വരെ ഇറാന്‍ പ്രതിനിധികളുമായുള്ള എല്ലാ ചര്‍ച്ചകളും ഞാന്‍ റദ്ദാക്കിയിരിക്കുകയാണ്. സഹായം അതിന്‍റെ യാത്ര ആരംഭിച്ചുകഴിഞ്ഞു'- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. Also Read: വീടുകളില്‍ ഇരച്ചുകയറി ഇറാന്‍ പട്ടാളം; സ്റ്റാര്‍ലിങ്ക് ഡിഷുകള്‍ എടുത്തുകൊണ്ട് പോയി
Activists take part in a rally supporting protesters in Iran at Lafayette Park, across from the White House, in Washington, Sunday, Jan. 11, 2026. (AP Photo/Jose Luis Magana)
അതേസമയം, എന്ത് തരത്തിലെ സഹായമാണ് 'പുറപ്പെട്ടത്' എന്നതില്‍ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. ഇറാന് നേരെ വ്യോമാക്രമണം നടത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂടുതല്‍ കരുത്തുറ്റ സാധ്യതകളാണ് യുഎസ് സൈന്യം പരിഗണിക്കുന്നതെന്നായിരുന്നു ട്രംപ് ഇറാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കവേ ഭീഷണി മുഴക്കിയത്. ഇതിന് ശക്തമായ ഭാഷയിലാണ് ഇറാനും മറുപടി നല്‍കിയത്. Read More: ഖമനയി വിരുദ്ധ പ്രക്ഷോഭം; യുവാവിനെ തൂക്കിക്കൊല്ലാന്‍ ഒരുങ്ങി ഇറാന്‍
യുഎസ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫുമായി താന്‍ ബന്ധപ്പെട്ടുവെന്നും ആശയവിനിമയത്തിന് ശ്രമിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗച്ചി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ചര്‍ച്ചയ്ക്കോ അതല്ല യുദ്ധമെങ്കില്‍ അതിനും ഇറാന്‍ തയാറാണെന്നായിരുന്നു ഇറാന്‍റെ ഇന്നത്തെ നിലപാട്. എന്നാല്‍ പ്രക്ഷോഭകര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നത് വരെ ഇറാനുമായി ഒരു സംഭാഷണത്തിനും തയാറല്ലെന്ന് ട്രംപ് തുറന്നടിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ അമേരിക്ക ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Image Credit: x.com/elizatino
ഡിസംബര്‍ 28 മുതലാണ് ഇറാന്‍റെ തെരുവുകളില്‍ പ്രതിഷേധം ഉയര്‍ന്ന് തുടങ്ങിയത്. കുതിച്ചുയരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിര്‍ത്തുന്നതിലും റിയാലിന്‍റെ മൂല്യത്തകര്‍ച്ചയിലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികളുണ്ടാകാതെ വന്നതോടെ വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചു. പിന്നാലെ യുവാക്കളടക്കം തെരുവിലിറങ്ങി. കടകമ്പോളങ്ങള്‍ അടച്ചിട്ടുള്ള പ്രതിഷേധം രാജ്യമെങ്ങും പടര്‍ന്നു. പ്രതിഷേധം പുറംലോകമറിഞ്ഞതിന് പിന്നാലെ ഇറാനിലെ ഇന്‍റര്‍നെറ്റ്– ടെലഫോണ്‍ സേവനങ്ങള്‍ ഭരണകൂടം നിര്‍ത്തലാക്കി. ചിലയിടങ്ങളില്‍ ടെലഫോണ്‍ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതായി വിവരമുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഖമനയിയുടെ ചിത്രങ്ങള്‍ കത്തിച്ചും ഭരണകൂട വിരുദ്ധമുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഖമനയിക്കെതിരെ യുദ്ധപ്രഖ്യാപനം മുഴക്കിയെന്നാരോപിച്ച് 26കാരനായ ഇര്‍ഫാന്‍ സുല്‍ത്താനിയെ പരസ്യമായി തൂക്കിലേറ്റുമെന്ന് ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചുകഴിഞ്ഞു.