Ai Generated Image
ബഹ്‌റൈനിൽ ഇനിമുതല്‍ മധുരപാനീയങ്ങൾക്ക് വിലകൂടും. മധുരപാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് എക്സൈസ് നികുതി ഏർപ്പെടുത്താനുള്ള പുതിയ നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഓരോ അഞ്ച് ഗ്രാം പഞ്ചസാരയ്ക്കും ആനുപാതികമായി നികുതി വർദ്ധിപ്പിക്കുന്ന 'ടയേർഡ് വോളിയം മോഡൽ' ആണ് പുതിയ ബില്ലിൽ ശുപാർശ ചെയ്യുന്നത്.
പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും നിലവിലുള്ള നൂറ് ശതമാനം നികുതിയിൽ മാറ്റമുണ്ടാകില്ലെങ്കിലും, മറ്റ് മധുരപാനീയങ്ങൾക്ക് പഞ്ചസാരയുടെ തോതനുസരിച്ച് ഇനി വില വർദ്ധിക്കും. എക്സൈസ് നികുതിയുടെ ഭരണപരമായ ചുമതല ധനമന്ത്രാലയത്തിൽ നിന്നും നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിലേക്ക് മാറ്റാനും ബില്ലിൽ നിർദ്ദേശമുണ്ട്.
സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക-നിയമ സമിതികൾ പരിശോധിച്ച ശേഷം ബില്ലിൽ അന്തിമ തീരുമാനമുണ്ടാകും. കൃത്രിമ മധുരം മാത്രം ഉപയോഗിക്കുന്ന ഷുഗർ-ഫീ പാനീയങ്ങളെയും നൂറ് മില്ലി ലിറ്ററിൽ അഞ്ച് ഗ്രാമിൽ താഴെ മാത്രം പഞ്ചസാരയുള്ള പാനീയങ്ങളെയും നികുതിയിൽ നിന്നും ഒഴിവാക്കും.