Image: X/GlobeEyeNews
പരന്നു കിടക്കുന്ന മരുഭൂമികള്‍, കൊടും ചൂട്... ഇതെല്ലാമാണ് സൗദി അറേബ്യ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിവരിക. അങ്ങിനെയിരിക്കെ സൗദിയില്‍ മഞ്ഞുവീഴുന്നുവെന്ന് കേട്ടാലോ? വിശ്വസിക്കാന്‍ പ്രയാസമാണ്. എന്നാല്‍ അത്തരത്തില്‍ അസാധാരണമായ ശൈത്യകാലത്തിനാണ് സൗദി സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ചയും കനത്ത മഴയുമാണ് അനുഭവപ്പെടുന്നത്. താപനിലയും താഴുകയാണ്. അപൂർവ പ്രതിഭാസമാണെങ്കിലും, സൗദി അറേബ്യയിലെ മഞ്ഞുവീഴ്ച തദ്ദേശീയരേയും വിനോദസഞ്ചാരികളേയും ആകര്‍ഷിക്കുകയാണ്.
സൗദി അറേബ്യയുടെ വടക്കൻ മേഖലയിലാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തത്. തബൂക്ക് പ്രവിശ്യയിലെ പർവതനിരകള്‍ മഞ്ഞുപുതച്ചു. ഏകദേശം 2,600 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജബലുല്ലോസിലെ ട്രോജെന പർവതനിരകളും മഞ്ഞുമൂടി. ഹയിൽ മേഖലയുടെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. ചില സ്ഥലങ്ങളിൽ പുലർച്ചെ താപനില പൂജ്യം ഡിഗ്രി സെല്‍സിയസിന് താഴെയായിരുന്നു. നിരവധി പ്രദേശങ്ങളിൽ വ്യാപകമായ മഴയും ലഭിച്ചു. മഞ്ഞുമൂടിയ സൗദിയിലെ പർവതനിരകളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിയാദിന് വടക്കുള്ള അൽ-മജ്മ, അൽ-ഘട്ട് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായതായി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചിട്ടുണ്ട്.
അന്തരീക്ഷത്തിന് മുകളിലെ തണുത്ത വായു, ഈര്‍പ്പം, ഉപരിതല താപനില കുറയുക എന്നിങ്ങനെ പല ഘടകങ്ങളാണ് ഈ മഞ്ഞുവിഴ്ചയ്ക്ക് കാരണമാകുന്നത്. ഇവയെല്ലാം അപൂര്‍വമായി മാത്രമേ ഒരുമിച്ചു വരാറുള്ളൂ. പക്ഷേ ഇവ ഒരുമിക്കുമ്പോള്‍ മരുഭൂമിയുടെ ഭൂപ്രകൃതി തന്നെ അതിശയിപ്പിക്കുന്ന കാഴ്ചയായി മാറുന്നു. നിലവില്‍ മധ്യ, വടക്കൻ പ്രദേശങ്ങളിലേക്ക് തണുത്ത വായു എത്തുന്നതും ഈ വായു മഴമേഘങ്ങളുമായി സമ്പര്‍ക്കത്തിലാകുന്നതുമാണ് മഞ്ഞുവീഴ്ചയ്ക്ക് കാരണമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്താനി പറയുന്നത്. സൗദിയുടെ വടക്കൻ, മധ്യഭാഗങ്ങളിൽ താപനില താഴ്ന്ന നിലയിൽ തുടരുമെന്നും അദ്ദേഹം പറയുന്നുണ്ട്. ചില പ്രദേശങ്ങളിൽ ആലിപ്പഴം, ശക്തമായ കാറ്റ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്.
ഈ മഞ്ഞുവീഴ്ചയ്ക്ക് കാരണം പ്രത്യേക അന്തരീക്ഷ സാഹചര്യങ്ങളാണെന്ന് പറയുമ്പോളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം ആക്കം കൂട്ടിയിട്ടുണ്ട്. യുഎഇയിലെ അപ്രതീക്ഷിതമായ ശൈത്യം, ദക്ഷിണേഷ്യയിലെ റെക്കോർഡ് ഭേദിക്കുന്ന ഉഷ്ണതരംഗങ്ങൾ, വരണ്ട മധ്യപൂർവ പ്രദേശങ്ങളിലെ വെള്ളപ്പൊക്കം, യൂറോപ്പിലെയും വടക്കേ ആഫ്രിക്കയിലെയും അസാധാരണമായ മഞ്ഞുവീഴ്ച എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തരഫലങ്ങളായി കണക്കാക്കുന്നവരുമുണ്ട്. ലോകമെമ്പാടുമുള്ള കാലാവസ്ഥ തിരിച്ചറിയാൻ കഴിയാത്തവണ്ണം മാറുന്നുവെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.
സൗദിയില്‍ മഞ്ഞുവീഴ്ച അപൂര്‍വമാണെങ്കിലും ആദ്യമായിട്ടല്ല സംഭവിക്കുന്നത്. 2022 ജനുവരിയിൽ, വടക്കൻ സൗദി അറേബ്യയിലെ തബൂക്കില്‍ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. ചില പ്രദേശങ്ങളിൽ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2024 നവംബറിൽ അൽ-നഫുദ് മരുഭൂമിയിലും മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. മുമ്പ് ഒരിക്കലും ഇവിടെ മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. അസിർ മേഖലയിലെ ജബൽ സൗദ പോലുള്ള പർവതപ്രദേശങ്ങളിൽ പലപ്പോഴും മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.