ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടക്കുന്ന 'ദുബായ് ഫിറ്റ്നസ് ചലഞ്ചി'ന് പിന്തുണയുമായി ദിവസവും 21 കിലോമീറ്റർ ഓടുകയാണ് മലപ്പുറം സ്വദേശി നാസർ ഹുസൈൻ. ആരോഗ്യമുള്ള ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദീർഘദൂര ഓട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. വിവിധ പ്രായത്തിലുള്ള നിരവധി ആളുകൾക്ക് സൗജന്യ കായിക പരിശീലനവും ഇദ്ദേഹം നൽകിവരുന്നുണ്ട്.
ദുബായുടെ തെരുവുകളിലൂടെ ദിവസവും 21 കിലോമീറ്റർ ഓടി മുപ്പത് ദിവസം, മുപ്പത് ഹാഫ് മാരത്തണുകൾ എന്ന ലക്ഷ്യമാണ് നാസർ ഹുസൈൻ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം ജനങ്ങളെ വ്യായാമത്തിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഈ ചെറുപ്പക്കാരനുണ്ട്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന വലിയൊരു സംഘത്തിന് എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം സൗജന്യ പരിശീലനം നൽകുന്നു. റണ്ണിംഗ് ഉൾപ്പെടെയുള്ള വിവിധ വ്യായാമ മേഖലകളിലെ പരിശീലന പരിപാടികൾ 'ആക്ടീവ് ഫിറ്റ്നസ് കമ്മ്യൂണിറ്റി എമ്മ' എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ഏകോപിപ്പിക്കുന്നത്.
2023-ലെ റമസാൻ കാലത്തും നാസർ , വ്രതം നോറ്റ് മുപ്പത് ഹാഫ് മാരത്തണുകൾ പൂർത്തിയാക്കിയിരുന്നു. ഇതേ വർഷം യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം ഉൾപ്പെടെ 66 കിലോമീറ്റർ ദൂരം 24 മണിക്കൂർ കൊണ്ട് കീഴടക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരവും നാസർ ഹുസൈൻ സ്വന്തമാക്കി. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ഞായറാഴ്ച നടക്കുന്ന ദുബായ് റണ്ണിൽ പങ്കെടുക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് നാസർ ഹുസൈനും അദ്ദേഹത്തിന്റെ ടീമും.