റിയാദില്‍ ഇപ്പോള്‍ ആഘോഷരാവുകളാണ്. റിയാദ് ഫെസ്റ്റിവലാണ് നാട്ടുകാര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ഉത്സവാന്തരീക്ഷം സമ്മാനിക്കുന്നത്. ഫെസ്റ്റിന് തുടക്കമിട്ട ഇന്ത്യന്‍ സാംസ്കാരികോത്സവം ഇന്ന് വൈകിട്ടോടെ സമാപിക്കും. എന്നാല്‍ അതിന് ശേഷം മറ്റ് 13 രാജ്യങ്ങളില്‍ നിന്നുള്ള ആഘോഷങ്ങള്‍ ഡിസംബര്‍ 20 വരെ തുടരും. അവിടത്തെ കാഴ്ചകള്‍ കാണാം.
റിയാദിലെ രാത്രികള്‍ക്ക് ഇപ്പോള്‍ ആഘോഷത്തിന്‍റെ ചൂടും താളവുമാണ്. അതും ഇന്ത്യന്‍ ആഘോഷം. ഒട്ടേറെ ഇന്ത്യന്‍ കലാകാരന്‍മാര്‍ റിയാദിലെ സുവൈദി പാര്‍ക്കിലേക്കെത്തുന്നു. മിന്നും പ്രകടനങ്ങളുമായി. കാത്തിരുന്ന് കിട്ടിയ ആഘോഷങ്ങളുടെ ആവേശം മലയാളികള്‍ അടക്കമുള്ള പ്രവാസികളിലും കാണാം. ജോലി കഴിഞ്ഞ് കുടുംബസമേതം അവര്‍ ഫെസ്റ്റിലേക്കൊഴുകിയെത്തുകയാണ്.
വിഷന്‍ 2030 എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഗ്ളോബല്‍ ഹാര്‍മണി പദ്ധതിയുടെ ഭാഗമായാണ് റിയാദ് ഫെസ്റ്റ്. സൗദിയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയും വിവിധ രാജ്യക്കാരായ പ്രവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും സൗദിയിലെ മാധ്യമ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഫെസ്റ്റിന്‍റെ ലക്ഷ്യമാണ്.
വിവിധ രാജ്യങ്ങളിലെ ഭക്ഷണം പരിചയപ്പെടുന്നതിനൊപ്പം ആ രാജ്യങ്ങളില്‍ നിന്നുള്ള സംസ്കാരിക പ്രത്യേകതകള്‍ മനസിലാക്കാനുള്ള സ്റ്റാളുകളും പാര്‍ക്കിലുണ്ട്. ഇന്ത്യയേക്കൂടാതെ മറ്റ് 14 രാജ്യങ്ങള്‍ കൂടി ആഘോഷത്തിന്‍റെ ഭാഗമാണ്. അതുകൊണ്ട് ലോകത്തിലെ വിവിധയിടങ്ങളിലെ ആഘോഷവും സംസ്കാരവും ഒരു മൈതാനത്ത് കാണാനാകുന്ന അപൂര്‍വ അവസരം കൂടിയാണ് റിയാദ് ഫെസ്റ്റ് ഒരുക്കുന്നത്. നാളെ രാത്രിയോടെ ഇന്ത്യന്‍ സാംസ്കാരികോത്സവം അവസാനിക്കുമെങ്കിലും ഡിസംബര്‍ 20 വരെ മറ്റ് രാജ്യങ്ങളിലെ ആഘോഷങ്ങള്‍ നീണ്ട് നില്‍ക്കും.