സൗദി അറേബ്യയിലെ 'ഗ്ലോബൽ ഹാർമണി'യുടെ രണ്ടാം പതിപ്പിന് റിയാദിൽ തുടക്കം. ഇന്ത്യൻ സാംസ്കാരികോത്സവത്തോടെയാണ് റിയാദിലെ സുവൈദി പാർക്കിൽ നടക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായത്. ഇന്നലെ ( നവംബർ 2) മുതൽ 10 വരെയാണ് ഇന്ത്യൻ ആഘോഷങ്ങൾ. എല്ലാ ദിവസവും ഉച്ചക്ക് ശേഷം 4 മുതൽ രാത്രി 10 വരെ ആഘോഷങ്ങൾ നീണ്ട് നിൽക്കും
സൗദി വിഷൻ 2030ന്റെ ഭാഗമായി മാധ്യമ മന്ത്രാലയമാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ പിന്തുണയോടെ നടത്തുന്ന ഈ പദ്ധതി രാജ്യത്ത് താമസിക്കുന്ന വിവിധ സമൂഹങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയും അവരുടെ സാംസ്കാരിക പാരമ്പര്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
ഈ വർഷം മാധ്യമ മന്ത്രാലയം ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റിയുമായി (GEA) സഹകരിച്ച് റിയാദ് സീസണിൽ നിരവധി സാംസ്കാരിക, വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ആഘോഷങ്ങൾ കൊണ്ടാണ് തുടക്കം. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന പരേഡിലും മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഭാഗമായി. വരും ദിവസങ്ങളിൽ സംഗീതം, നൃത്തം, പരമ്പരാഗത കരകൗശലം തുടങ്ങിയ നിരവധി മേഖലകളിലെ പ്രമുഖരെത്തി പ്രകടനങ്ങൾ അവതരിപ്പിക്കും.
ആഘോഷങ്ങൾക്കൊപ്പം രണ്ട് രാജ്യങ്ങളുടെയും സാംസ്കാരിക ബന്ധം കൂടുതൽ ഉറപ്പിക്കുകയാണ് ഫെസ്റ്റിൻ്റെ ലക്ഷ്യം.