സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇനി 49 ആഘോഷരാവുകളാണ്. ഈ രാവുകളിൽ ലോകം ഇവിടേക്കെത്തും. അവരുടെ കലാ പ്രകടനങ്ങളും സാംസ്കാരി പൈതൃകങ്ങളുമായി.
മാധ്യമ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച ആരംഭിച്ച ഗ്ലോബൽ ഹാർമണിയാണ് ആഘോഷങ്ങളെല്ലാം ഒരു വേദിയിലെത്തിക്കുന്നത്. സൗദി വിഷൻ 2030 ൻ്റെ ഭാഗമായുള്ള ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് ആഘോഷങ്ങൾ . ജനറൽ എൻ്റർടെയിൻമെൻ്റ് അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെ ആഘോഷം നീണ്ട് നിൽക്കും. റിയാദിലെ സുവൈദി പാർക്കാണ് വേദി.
ഇന്ത്യൻ ആഘോഷങ്ങളോടെയാണ് റിയാദ് ഫെസ്റ്റിൻ്റെ ഭാഗമായ ഗ്ലോബൽ ഹാർമണി തുടങ്ങിയത്. പത്താം തീയതി വരെയാണ് ഇന്ത്യൻ ആഘോഷങ്ങൾ . ഈ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിവിധ കലാകാരന്മാർ ഇവിടെയെത്തി പ്രകടനം നടത്തും. ഇതുകൂടാതെ ഇന്ത്യൻ ഭക്ഷണം ,സാംസ്കാരിക പൈതൃകം എന്നിവ മനസ്സിലാക്കാനുള്ള വിവിധ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ സാംസ്കാരിക ഉത്സവം അവസാനിക്കുന്നതിന് പിന്നാലെ മറ്റു രാജ്യങ്ങളുടെ കലാപ്രകടനങ്ങളും തുടങ്ങും. അങ്ങനെയാണ് 14 രാജ്യങ്ങൾ ഇതിൻറെ ഭാഗമാകുന്നത്.
ഫിലിപ്പൈൻസ്, ഇൻഡോനേഷ്യ, ഈജിപ്ത്, പാകിസ്ഥാൻ, യെമൻ, സുഡാൻ, ജോർദാൻ, ലെബനൻ, സിറിയ, പാലസ്തീൻ, ബംഗ്ലാദേശ്, ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളാണ് ഫെസ്റ്റിവലിനോട് സഹകരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ ആ രാജ്യത്തിനുള്ള കലാപ്രകടനങ്ങൾ ഉണ്ടാകും.
പരിപാടിയുടെ പ്രധാന ആകർഷണങ്ങളിൽ സംഗീത കച്ചേരികൾ, പര്യടന പരിപാടികൾ, കുടുംബസൗഹൃദ സാംസ്കാരിക-വിനോദ പരിപാടികൾ, പരമ്പരാഗത ഭക്ഷണങ്ങൾ, വിവിധ കരകൗശല വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. വിവിധ രാജ്യക്കാരായിട്ടുള്ള പ്രവാസികൾ അവരവരുടെ രാജ്യങ്ങളിലെ പരിപാടികൾ കാണാൻ എത്തുന്നുമുണ്ട്.
സൗദിയിൽ വിവിധ ഇടങ്ങളിലായുള്ള പ്രവാസികളുടെ ജീവിതത്തിലെ എല്ലാ മേഖലകളും — തൊഴിൽ, കുടുംബജീവിതം, സാമൂഹികവും വിനോദപരവുമായ പ്രവർത്തനങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലേക്കുള്ള അവരുടെ സംഭാവന, അവരുടെ വിജയകഥകൾ എന്നിവയെ പ്രദർശിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ വ്യത്യസ്ത സംസ്കാരങ്ങളിലെ വൈവിധ്യവും, സൗദി സമൂഹവുമായി അവർക്കുള്ള ബന്ധവും, കൂടാതെ സൗദി നഗരങ്ങളിലെ ജീവിത നിലവാരം ഉയർത്താൻ പൊതുമേഖലയും സ്വകാര്യമേഖലയും നടത്തുന്ന പരിശ്രമങ്ങളും മുൻനിറുത്തിയാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.