വിദേശ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഗോൾഡൻ വീസയുമായി ഖത്തർ. രാജ്യത്ത് സ്ഥിര താമസത്തിനും ബിസിനസ് അവസരങ്ങൾക്കും ആരോഗ്യ- വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും വേണ്ടിയാണ് വീസ വാഗ്ദാനം ചെയ്യുന്നത്. അപേക്ഷകന് സാധുവായ പാസ്‌പോർട്ടും ക്രിമിനൽ പശ്ചാത്തലമില്ലാത്ത ചരിത്രവും ഉണ്ടായിരിക്കണം. കൂടാതെ, നിക്ഷേപകർക്ക് കുറഞ്ഞത് 21 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണമെന്നും നിക്ഷേപം സംബന്ധിച്ച വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
പാസ്‌പോർട്ട്, പൊലീസ് ക്ലിയറൻസ്, മെഡിക്കൽ റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ അപേക്ഷകർ സമർപ്പിക്കണം. നിക്ഷേപത്തിന്റെ തെളിവും രേഖകളും നൽകേണ്ടതുണ്ട്. ഇതിനുശേഷം, റെസിഡന്‍സ് കാര്‍ഡ് ഗ്രാന്‍റിങ് കമ്മിറ്റി (Residence Card Granting Committee) അപേക്ഷകൾ പരിശോധിക്കുകയും അംഗീകരിക്കപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ ചെയ്യുകയും ചെയ്യും. ഖത്തറിന്റെ ഔദ്യോഗിക സർക്കാർ പോർട്ടലിൽ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും വേണം. ഗോൾഡൻ വീസ ഉടമയ്ക്ക് രാജ്യത്ത് ജോലി ചെയ്യാനും ഭൂമി ഉടമസ്ഥാവകാശം നേടാനും കഴിയും. ഖത്തറിന്റെ സാമ്പത്തിക വളർച്ചക്ക് പുതിയ വിസ വലിയ ഉത്തേജനം നൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എന്താണ് ഗോള്‍ഡന്‍ വീസ?
തങ്ങളുടെ രാജ്യത്ത് വലിയ നിക്ഷേപം നടത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക താമസത്തിനും ജോലി ചെയ്യാനും മറ്റും അനുമതി നല്‍കുന്ന റെസിഡന്‍സ് ബൈ ഇന്‍വെസ്റ്റ്‌മെന്‍റ് (RBI) പദ്ധതിയുടെ മറ്റൊരു പേരാണ് ഗോള്‍ഡന്‍ വീസ. ഇന്ന് ലോകത്ത് അഞ്ച് ഭൂഖണ്ഡങ്ങളിലായി 100 ലധികം രാജ്യങ്ങളിൽ ഗോള്‍ഡന്‍ വീസ നല്‍കിവരുന്നുണ്ട്. നിക്ഷേപത്തിന്റെ തോത് അനുസരിച്ച് 5 വർഷത്തെ പുതുക്കാവുന്ന പെർമിറ്റ് അല്ലെങ്കിൽ പൂർണ്ണ സ്ഥിര താമസം ഇതുവഴി അനുവദിക്കുന്നു.