കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകി ദേശീയപാതാ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പൂർത്തിയാക്കുന്ന ദേശീയപാത ജനുവരിയിൽ ജനങ്ങൾക്കായി തുറന്നു നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരള സമാജം സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളും എതിർപ്പുകളും മറികടന്ന് കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞതായി പിണറായി വിജയൻ പറഞ്ഞു. 'ഒന്നും നടക്കില്ല' എന്ന കേരളത്തെക്കുറിച്ചുള്ള പഴയ ചിന്താഗതി മാറി. പുതിയ വികസന കാഴ്ചപ്പാട് സംസ്ഥാനത്ത് രൂപപ്പെട്ടു. പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 580-ഉം നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനൊപ്പം, മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ ടൗൺഷിപ്പ് ജനുവരിയിൽ ദുരന്തബാധിതർക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചടങ്ങിൽ പങ്കെടുത്തു. മലയാള ഭാഷയെ വാനോളം ഉയർത്തുക, ശുദ്ധമായ മലയാളം എല്ലാവരിലേക്കുമെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൊച്ചിയിൽ ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ്, പ്രമുഖ വ്യവസായി എം.എ. യൂസഫ് അലി, ചീഫ് സെക്രട്ടറി എ. ജയതിലക് , ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.